അയിരൂർ: ചെറുകോൽപ്പുഴയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ തടഞ്ഞുനിർത്തി സംഘം ചേർന്നു ക്രൂരമായി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച നടപടിയിൽ വ്യാപക പ്രതിഷേധം. വാർഡ് പ്രസിഡന്റ് എം.എം. വർഗീസിനെ (55) കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഘം ചേർന്നു മർദിച്ചത്. വിദേശത്തു പോകുന്നതിനായി നൽകിയ പണം ചോദിച്ചെത്തിയ അടിമാലിയിൽനിന്നുള്ള സംഘവും പ്രാദേശിക സിപിഎം നേതാക്കളുമാണ് ആക്രമണത്തിനു പിന്നിലെന്നു പറയുന്നു.
ക്രൂരമായി മർദിച്ചശേഷം കഴുത്തിലും കൈയിലും കയറുകെട്ടി ഇദ്ദേഹത്തെ ചെറുകോൽപ്പുഴ ജംഗ്ഷനിലെത്തിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയുമായിരുന്നു.വിദേശത്തേക്കു പോകാൻ സഹായം ചോദിച്ചെത്തിയ ആളിനെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരില്‍ നിയമം കൈയിലെടുത്ത് കഴുത്തില്‍ കയര്‍കെട്ടി വലിച്ച് ക്രൂരമായി മര്‍ദിക്കുകയും അത് വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത നടപടി ഹീനവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം.എം. വര്‍ഗീസിനെ ഡിസിസി പ്രസിഡന്റും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു.
എം.എം. വര്‍ഗീസിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി മര്‍ദിച്ച ഗ്രാമപഞ്ചായത്ത് മെംബര്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ എന്നിവർ ആവശ്യപ്പെട്ടു.
വാര്‍ഡ് പ്രസിഡന്റിനെതിരായി പരാതി ഉണ്ടെങ്കിൽ നിയമപരമായി അന്വേഷിക്കുന്നതിനു പകരം സിപിഎം നേതാക്കള്‍ നിയമം കൈയിലെടുത്ത് രാഷ്ട്രീയ പകപോക്കലിനു ശ്രമിക്കുകയായിരുന്നു. ഇവർക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.