പുതിയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദിനു സമീപമുള്ള സി.എച്ച് ലൈബ്രറിക്കു നേരെ ആക്രമണം. ലൈബ്രറി അടിച്ചു തകർത്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. 12 ാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
പുതിയങ്ങാടി സ്വദേശികളായ ജാഫർ സലാഹ്, ആഷിഖ്, നൗഷാദ്, റംഷിദ് തുടങ്ങിയ അഞ്ചംഗം സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കാണിച്ച് മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി.
സംഘം അതിക്രമിച്ച് ഓഫീസിൽ കടക്കുകയും അസഭ്യം പറയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നു പറയുന്നു. പുതിയങ്ങാടിയിലെ സി.എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിലരെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.