കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,845 രൂപയും പവന് 86,760 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 115 രൂപ വര്‍ധിച്ച് 8,925 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,935 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,470 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3865 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.71 ലുമാണ്. വെള്ളി വിലയും കുതിക്കുകയാണ് 47 ഡോളറിലാണ് ഇപ്പോള്‍. 50 ഡോളര്‍ മറികടന്നാല്‍ 70 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങള്‍ വരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി വലിയതോതില്‍ നേരിടുന്ന യുഎസ് ഗവണ്മെന്റ് ഡിപ്പാര്ട്ടുമെന്റഉകള്ക്ക് അനുവദിച്ച പണം ലഭ്യമാകാത്തതിനുള്ള അടച്ചിടല്‍ ഭീഷണിയാണ് ഇപ്പോഴുള്ള വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്വര്‍ണവിലയിലെ കുതിച്ചുചാട്ടം വിവാഹ ആഭരണ വാങ്ങലുകള്‍ ഉള്‍പ്പെടെയുള്ളവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ ഏതു വിലയ്ക്കും സ്വര്‍ണം വാങ്ങാന്‍ നിര്ബന്ധരാകുന്ന അവസ്ഥായണ് നിലവിലുള്ളത്. വിലവര്‍ധനവ് തുടരുമെന്നതിനാല്‍ വിവാഹ ആഭരണം വാങ്ങുന്നവര്‍ വില കുറയാനും കാത്തുനില്ക്കുന്നില്ല. സ്വര്‍ണം മാറ്റിയെടുക്കുന്ന പ്രവണതയും തുടരുന്നുണ്ട്.
പഴയ സ്വര്‍ണ വില്പനയും കൂടി. ആഗോള സ്വര്‍ണവില വീണ്ടും ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.