ആലപ്പുഴയിലെ പത്രങ്ങളിൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ന്യൂസ് ഫോട്ടോകളിൽ നല്ലൊരു പങ്കിലും പി. മോഹനൻ എന്ന മോഹനൻ ചേട്ടന്റെ കൈയൊപ്പുണ്ട്. ആലപ്പുഴയിലെ ഫോട്ടോഗ്രാഫർമാരുടെ കാരണവർ സ്ഥാനത്തായിരുന്നു അദ്ദേഹം. പ്രതിഛായ സ്റ്റുഡിയോയിൽ ജോർജ് കുട്ടിച്ചായനൊപ്പം ഫോട്ടോഗ്രാഫറായി വന്ന കാലം മുതൽ അദ്ദേഹം സജീവമായിരുന്നു. ലേഖകൻ 1990ൽ ദീപികയുടെ റിപ്പോർട്ടർ ആയിരിക്കെ സമീപത്തുള്ള പ്രതിഛായ സ്റ്റുഡിയോ ആയിരുന്നു ചിത്രങ്ങൾക്ക് അതിവേഗ ആശ്രയമായിരുന്നത്.
ചിത്രകാരൻകൂടിയായിരുന്ന മോഹനൻ ചേട്ടന്റെ ചിത്രങ്ങൾക്ക് ഒരു ജലച്ചായത്തിന്റെ ചാരുത കാണാനാകും. തനിക്ക് ഇഷ്ടപ്പെട്ട ആംഗിളിൽ പടമെടുക്കാനുള്ള അവസാന ശ്രമവും അദ്ദേഹം നടത്തും. എന്നു മാത്രമല്ല, അതിന്റെ സൗന്ദര്യമോ വാർത്താമൂല്യമോ വർധിപ്പിക്കാനുള്ള ഒറ്റമൂലി – കാമറക്കണ്ണിനു കുറുകെ നിൽക്കുന്ന സംഘാടകരിൽ ആരെയെങ്കിലും ഒഴിവാക്കാനാണെങ്കിൽ അവരോട് പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും.
ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ആലപ്പുഴ നഗര കേന്ദ്രീകൃതമായ എല്ലാ പരിപാടികളിലേക്കും മോഹനൻ ചേട്ടൻ ഒാടിയെത്തിയിരുന്നു. നേതാക്കൻമാരെ കാത്തിരുന്നു മടുത്തു തിരികെ പോരേണ്ടി വരുമ്പോൾ സമയമാകുമ്പോൾ വിളിച്ചാൽ മതി എന്നു സംഘാടകരെ ഓർമിപ്പിക്കും.
നെഹ്റു ട്രോഫി, പാർട്ടി സമ്മേളനങ്ങൾ, സംഘർഷങ്ങൾ, കുട്ടനാടൻ കാഴ്ചകൾ, കടൽ സ്പന്ദനങ്ങൾ, നഗരക്കാഴ്ചകൾ, വികസന മുന്നേറ്റങ്ങൾ എന്നിങ്ങനെ മോഹനൻ ചേട്ടന്റെ കാമറ ഒപ്പിയെടുക്കാത്ത മേഖലകൾ ആലപ്പുഴയിൽ അധികം കാണില്ല. ദീപികയിലും രാഷ്ട്രദീപികയിലുമാണ് അദ്ദേഹം പകർത്തിയ ചിത്രങ്ങളിലേറെയും പ്രസിദ്ധീകരിച്ചത്.
പടം എടുത്താൽ അതു പിറ്റേന്ന് പത്രത്തിൽ കൃത്യമായി പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പാക്കാനും വേണ്ട പരിശ്രമം നടത്തും. ഒരു ചിത്രകാരനു വരയ്ക്കാൻ എളുപ്പമായ രൂപമാണ് മോഹൻ ചേട്ടന്റേത്. ഒരിക്കൽ കണ്ടാൽ ആരും മറക്കില്ല. ആ മുഖവും രൂപവും പോലെ ആ സ്വരവും. സുഖമില്ലെന്നറിഞ്ഞ് ദീപിക ഓഫീസിൽ പോയി ഒരിക്കൽ കണ്ടു. അവസാനമായി ഒരു പരിപാടി സ്ഥലത്ത് വച്ച് കണ്ടു. അപ്പോഴും സന്തോഷവാനായിട്ടായിരുന്നു പ്രതികരണം.
സതീഷ് ആലപ്പുഴ