ലണ്ടന്‍: ഐസിസി ടൂര്‍ണമെന്റുകളില്‍നിന്ന് ഇന്ത്യ x പാക്കിസ്ഥാന് ക്രിക്കറ്റ് പോരാട്ടം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മൈക്ക് ആതര്‍ട്ടണ്‍. ചിരവൈരികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം രാഷ്ട്രീയ താത്പര്യങ്ങളിലേക്ക് പൂര്‍ണമായി മാറ്റപ്പെട്ടതായി നിരീക്ഷിച്ചാണ് ആതര്‍ട്ടണ്‍ ഈ നിര്‍ദേശം.
ദ ടൈംസ് ലണ്ടനില്‍ തന്റെ കോളത്തിലാണ് ഇംഗ്ലീഷ് മുന്‍താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 2025 എസിസി ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ, പാക് താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്നതും ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാന്മന്ത്രിയായ എസിസി പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയില്നിന്ന് ട്രോഫി സ്വീകരിക്കാതിരുന്നതും നഖ്വി ട്രോഫിയുമായി മടങ്ങിയതുമെല്ലാം ആതര്‍ട്ടണ്‍ ചൂണ്ടിക്കാട്ടി.
2013 മുതല്‍ നടന്ന എല്ലാ ഐസിസി പോരാട്ടവേദികളിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന് മത്സരം അരങ്ങേറിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ഏറ്റുമുട്ടലിലൂടെ ലഭിക്കുന്ന വന്‍ സാമ്പത്തിക നേട്ടമാണ് ഐസിസി ഇക്കാലമത്രയും ലക്ഷ്യവച്ചത്. ഇരു ടീമിനെയും രണ്ട് ഗ്രൂപ്പിലാക്കിയാല് ഐസിസി വേദിയില്‍നിന്ന് ഇവരുടെ രാഷ്ട്രീയ വൈരം ഒഴിവാക്കാമെന്നും ആതര്‍ട്ടണ്‍ പറയാതെ പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് സൗഹൃദത്തിന്റെ ഇഴബന്ധം അകന്നത്.