തിരുവല്ല: നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന നാഷണൽ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിനു മുന്നോടിയായി കേരള അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 14-ാമത് സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പ് തിരുവല്ല ബിലീവേർസ് ചർച്ച് സ്കൂൾ സ്വിമ്മിംഗ് പൂളിൽ ആരംഭിച്ചു.
ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കോശി തോമസിന്റെ അധ്യക്ഷതയിൽ ആന്റോ ആന്റണി എംപി ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. റെജിനോൾഡ് വര്ഗീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജെറി നന്ദിയും പറഞ്ഞു. കോന്പറ്റീഷൻ പൂളിന്റെ ഉദ്ഘാടനം വേൾഡ് സ്വിമ്മിംഗ് ഫെഡറേഷന്റെ ടെക്നികൽ കമ്മിറ്റി മെംബർ എസ്. രാജീവും ആദ്യമത്സരം ബിലീവേഴ്സ് സ്കൂൾ മാനേജർ ഫാ. സാമുവേൽ മാത്യുവും നിർവഹിച്ചു.
വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 25 വയസിനു മുകളിലുള്ള 350 പുരുഷ – വനിതാ താരങ്ങൾ രണ്ടു റിലേ ഉൾപ്പടെ 14 നീന്തൽ ഇനങ്ങളിലായി മത്സരിക്കും.
2013ൽ പത്തനംതിട്ട ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പമ്പാ നദിയിൽ നടത്തിയ സംസ്ഥാന ദീർഘദൂര നീന്തൽ മത്സരത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു സംസ്ഥാന നീന്തൽ മത്സരം പത്തനംതിട്ട ജില്ലയിൽ നടക്കുന്നത്.