കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
സീറ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സ്റ്റെബിലിറ്റി അനാലിസിസ് വരും ദിവസങ്ങളില്‍ നടക്കും. ഇതിനുശേഷമാകും അന്തിമതീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജന്റീന – ഓസ്ട്രേലിയ ടീമുകളുടെ സൗഹൃദമത്സരത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയമാണ് വേദിയാകുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തില്‍ കലൂര്‍ ഐഎംഎ ഹൗസില്‍ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു.
വരും ദിവസങ്ങളില്‍ പരിപാടിയോടനുബന്ധിച്ച് രൂപീകരിച്ച ജില്ലാതല കമ്മിറ്റികള്‍ ദിവസേനയും സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി ആഴ്ചയില്‍ രണ്ട് ദിവസവും യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തും. സ്പെഷല്‍ ഓഫീസറുടെ നേതൃത്വത്തിലാകും തുടര്‍ന്നുള്ള നടപടികള്‍.