വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാർ സ്തംഭനം അവസാനിപ്പിക്കാനായി ഭരണപക്ഷ റിപ്പബ്ലിക്കന്മാരും പ്രതിപക്ഷ ഡെമോക്രാറ്റുകളും തമ്മിൽ ധാരണ. ഇതിനുള്ള ബിൽ സെനറ്റിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.
ഇരു പാർട്ടികളും ഒരാഴ്ച നടത്തിയ ഊർജിത ചർച്ചയ്ക്കൊടുവിൽ എട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണു പ്രശ്നപരിഹാരത്തിനു വഴിയൊരുക്കിയത്.
ഭരണ-പ്രതിപക്ഷ തർക്കത്തിൽ ധനവിനിയോഗ ബിൽ പാസാകാത്തതുമൂലം ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്.
ലക്ഷക്കണക്കിനു ഫെഡറൽ ജീവനക്കാർ അവധിയിൽ പ്രവേശിക്കുകയോ, ശന്പളമില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാവുകയോ ആണ്. ജീവനക്കാരുടെ അഭാവത്താൽ ദിവസം നൂറുകണക്കിന് വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ട ഗതികേടുവരെ അമേരിക്കയ്ക്കുണ്ടായി.
അവധിയിൽ വിട്ട ജീവനക്കാർക്കു ശന്പളം നല്കാനും പ്രധാന സർക്കാർ പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കാനുമാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വ്യവസായപ്രമുഖർ, തൊഴിലാളി യൂണിയനുകൾ, സംസ്ഥാന ഗവർണർമാർ എന്നിവരിൽനിന്നുള്ള സമ്മർദം മൂലമാണ് എട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നു സൂചനയുണ്ട്.
ഡെമോക്രാറ്റുകളുടെ ആവശ്യപ്രകാരം ആരോഗ്യമേഖലയിലെ സബ്സിഡികൾ ദീർഘിപ്പിക്കുന്നതിനു ഡിസംബറിൽ നടക്കുന്ന വോട്ടെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്യാമെന്നു റിപ്പബ്ലിക്കന്മാരും സമ്മതിച്ചിട്ടുണ്ട്. അതേസമയം, സെനറ്റിൽ പാസാകുന്ന ബിൽ പിന്നീട് ജനപ്രതിനിധി സഭയും പ്രസിഡന്റ് ട്രംപും അംഗീകരിക്കേണ്ടതുണ്ട്.

