ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്കുമെന്ററിയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം എഡിറ്റിംഗ് നടത്തിയെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി, വാർത്താവിഭാഗം മേധാവി ദബോറ ടേണേഴ്സ് എന്നിവർ രാജിവച്ചു. ഗാസാ യുദ്ധത്തിലടക്കം പക്ഷപാതപരമായ നിലപാടുകളാണു ബിബിസി സ്വീകരിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് 2024 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണാജനകമായ എഡിറ്റിംഗ് ഉണ്ടായത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കുന്ന മട്ടിലായിരുന്നു എഡിറ്റിംഗ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം ഇതിനായി കൂട്ടിച്ചേർക്കുകയായിരുന്നു. പ്രകടനങ്ങൾ സമാധാനപരമായിരിക്കണം എന്നു ട്രംപ് പറഞ്ഞ ഭാഗം ഒഴിവാക്കുകയും ചെയ്തു.
ചില വിഷയങ്ങളിൽ ബിബിസി പക്ഷപാതപരമായ നിലപാടുകൾ പുലർത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗാസാ യുദ്ധത്തിൽ ബിബിസിയുടെ അറബിക് ചാനൽ ഇസ്രേലിവിരുദ്ധ നിലപാടുകൾ സ്വീകരിച്ചത് ഇതിനുദാഹരണമാണ്. ബിബിസിയുടെ എഡിറ്റോറിയൻ സ്റ്റാൻഡാർഡ് സമിതിയിൽ ഉപദേശകനായിരുന്ന മാധ്യമപ്രവർത്തകൻ മൈക്കിൾ പ്രസ്കോട്ട് ഈ വർഷം ജനുവരിയിൽ സമർപ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടുത്തിടെ ഇതര ബ്രിട്ടീഷ് മാധ്യമങ്ങൾക്കു ചോർന്നുകിട്ടുകയായിരുന്നു.
ബിബിസിയുടെ മാധ്യമപ്രവർത്തനരീതി ഇപ്പോഴും ആഗോളതലത്തിൽ ഗോൾഡ് സ്റ്റാൻഡാർഡ് ആണെന്നും എന്നാൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അഞ്ചുവർഷത്തോളം ബിബിസിയെ നയിച്ച ടിം ഡേവി പറഞ്ഞു. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസി പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്ന് ദബോറ ടേണേഴ്സ് രാജിക്കത്തിൽ അറിയിച്ചു. അതേസമയം, വിവാദങ്ങൾക്കിടയിലും ബ്രിട്ടനിലെ ഏറ്റവും വിശ്വാസ്യതയേറിയ മാധ്യമസ്ഥാപനം ബിബിസിയാണെന്ന് അഭിപ്രായ സർവേകൾ പറയുന്നു. രാജിവിവാദം സംബന്ധിച്ച വിശദമായ വാർത്തകൾ ബിബിസി പുറത്തുവിടുന്നുണ്ട്.

