പത്തനംതിട്ട: പൂര്‍ണ തൃപ്തിയോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുസ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതെന്ന് പി.എസ്. പ്രശാന്ത്. വിവാദങ്ങളുടെ ആധിക്യത്തിലല്ല, കാലാവധി നീട്ടാതിരുന്നത്. മുന്‍ ദേവസ്വം ബോര്‍ഡുകളെല്ലാം നിശ്ചിത കാലവധി കഴിയുമ്പോള്‍ മാറുകയായിരുന്നു. കെ.ജയകുമാര്‍ പിന്‍ഗാമിയായി വരുന്നത് അഭിമാനകരമായ കാര്യമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ഭരണപരിചയമുള്ളയാളാണ്. അദ്ദേഹത്തിന്റെ നിയമനം ശബരിമലയുടെ വികസനത്തിന് ആക്കം കൂട്ടുമെന്നും പ്രശാന്ത് പറഞ്ഞു.
സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ ഉരുപ്പടികള്‍ അടക്കമുള്ളവയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു. സ്വകാര്യ ക്ഷേത്രങ്ങളിലും സ്വര്‍ണമടക്കമുള്ള വസ്തുകള്‍ ഉള്ളതിനാല്‍ സമഗ്ര അന്വേഷണം തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ളയെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ മറുപടി പറയാനാകില്ലെന്നും അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളഅയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ സ്പെഷല്‍ കമീഷണര്‍ക്കു കൈമാറിയിട്ടുണ്ട്്. അഞ്ചുകോടി വരവും 4.5 കോടിയോളം ചെലവുമാണുണ്ടായിരിക്കുന്നത്. ഇതിന്റെ വിശദമായ കണക്കാണ് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സപെഷല്‍ കമീഷണര്‍ക്ക് നല്‍കിയിരിക്കുന്നത്. വിവിധ ബാങ്കുകള്‍ അടക്കമാണ് സ്പോണ്‍സര്‍മാര്‍.
‘അവതാര’ങ്ങളുടെ യൊന്നും പണം ഉപയോഗിച്ചിട്ടില്ല. ബോര്‍ഡിന്റെ പണം എടുക്കില്ലെന്നു നേരത്തെ വ്യകതമാക്കിയിരുന്നു. അത് കൃത്യമായി പാലിച്ചിട്ടുണ്ട്. സന്നിധാനത്ത പരികര്മികളായി എത്തുന്നവരെ ദേവസ്വം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ സ്ക്രീനിംഗ് നടത്തും. നിലവില്‍ 68 പേരുകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ ദേവസ്വം വിജിലന്‍സ് വിശദമായ പരിശോധന നടത്തും.
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളെല്ലാം ദേവസ്വം ബോര്‍ഡ് പൂര്‍ത്തീകരിച്ചതായി പ്രസിഡന്റ് പറഞ്ഞു.മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി 16നു വൈകുന്നേരം അഞ്ചിനാണു നട തുറക്കുന്നത്.വെര്‍ച്വല്‍ ക്യൂവിലൂടെ 70,000 പേര്‍ക്കും സ്്പോട്ട് ബുക്കിംഗിലൂടെ 20,000 ഭക്തര്ക്കുമാകും പ്രതിദിനം ദര്‍ശന സൗകര്യമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡന്റ് പി.എസ്. പ്രശാന്തിനൊപ്പം മെംബര്‍ അജികുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഇരുവരുടെയും കാലാവധി വ്യാഴാഴ്ച അവസാനിക്കും.

