കൊല്ലം: പോലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.കർണാടകയിൽ ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് കഴിഞ്ഞ ദിവസം പുലർച്ചെ പോലീസ് കാവൽ നിൽക്കെ തന്ത്രപരമായി രക്ഷപ്പെട്ടത്.
സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത കാറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ കാറിൽ പ്രതി നെടുമങ്ങാട് വരെ എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ പിന്തുടർന്നാണ് ഇപ്പോൾ പല സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പോലീസ് പഴുതുകൾ അടച്ച് അന്വേഷണം നടത്തുന്നത്.
നെടുമങ്ങാട് നിന്ന് ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ രാത്രി അന്വേഷണ സംഘം പരിശോധന നടത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇയാൾക്ക് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതരും ഇയാളെ ആശുപത്രിയിൽ എത്തിച്ച പോലീസുകാരും സംശയ നിഴലിലാണ്. പ്രതിക്ക് രക്ഷപ്പെടുന്നതിന് വേണ്ടി ആശുപത്രി പരിസരത്ത് കാർ കാത്ത് കിടപ്പുണ്ടായിരുന്നു എന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഇയാളെ കൊല്ലം പോലീസ് വാഹന മോഷണവുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത് മുതൽ രക്ഷപ്പെടലിന് കൂട്ടാളികൾ രഹസ്യമായി ആസൂത്രണം നടത്തിയെന്നാണ് സൂചനകൾ.

