മുണ്ടക്കയം ഈസ്റ്റ്: പുലിയുടെ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തോട്ടം തൊഴിലാളികൾ.കൊക്കയാർ പഞ്ചായത്തിന്റെ പാരിസൺ എസ്റ്റേറ്റിൽ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ ഭാഗമായ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനു പോയ തൊഴിലാളി മുടാവേലിതേക്കൂറ്റ് പി.കെ. പ്രമീളയാണ് പുലിയുടെ മുന്നിൽ അകപ്പെട്ടത്.
ഏറെനാളുകളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പശുക്കളെ കൊന്ന് ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസവും എസ്റ്റേറ്റിന്റെ ഈ ഭാഗത്തുനിന്ന് തൊഴിലാളികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് തൊഴിലാളികൾ സംഘമായിട്ടാണ് ഈ ഭാഗത്ത് ടാപ്പിംഗിന് പോയിരുന്നത്.
ഇവരുടെ സുരക്ഷയ്ക്കായി എസ്റ്റേറ്റ് മാനേജ്മെന്റ് സൂപ്പർവൈസർമാരെയും അയച്ചിരുന്നു. രാവിലെ നാലാംകാട് ഭാഗത്ത് ടാപ്പിംഗിനെത്തിയ പ്രമീള തൊട്ടുമുന്നിൽ പുലിയെ കാണുകയായിരുന്നു.പ്രമീള പുലിയെ കണ്ട് നിലവിളിച്ചോടിയെത്തി മറ്റ് തൊഴിലാളികളെ വിവരം അറിയിക്കുകയും ഇവരും ഓടി രക്ഷപ്പെടുകയുമായിരുന്നു.
പുലിയുടെ മുന്നിൽനിന്നു രക്ഷപ്പെട്ടെങ്കിലും പ്രമീളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഭർത്താവും തൊഴിലാളികളും ചേർന്ന് ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കുടുംബങ്ങളുള്ള മേലോരം അടക്കമുള്ള ജനവാസ മേഖലയോടു ചേർന്ന് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മേഖലയിലെ ആളുകൾ കടുത്ത ഭീതിയിലാണ്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

