കാരക്കാസ്: ഈ വർഷത്തെ സമാധാന നൊബേൽ ജേതാവായ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പുരസ്കാരം വാങ്ങാൻ നോർവേയ്ക്കു പോകരുതെന്ന് മഡുറോ ഭരണകൂടം. പോയാൽ മരിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമെന്ന് വെനസ്വേലൻ അറ്റോർണി ജനറൽ താരിക് വില്യം സാബ് ഭീഷണി മുഴക്കി.
മഡുറോ ഭരണകൂടം തീവ്രവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന മരിയ അറസ്റ്റ് ഭയന്ന് ദീർഘകാലമായി ഒളിവിലാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മഡുറോയ്ക്കെതിരേ മത്സരിക്കുന്നതിനും മരിയയ്ക്കു വിലക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് എഡ്മുണ്ടോ ഗോൺസാലസ് എന്ന അനുയായിയെയാണ് മരിയ സ്ഥാനാർഥിയാക്കിയത്.
മഡുറോ ജയിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ വൻതോതിൽ കൃത്രിമം നടന്നതായി ആരോപിക്കപ്പെടുന്നു. മഡുറോയുടെ പീഡനം ഭയന്ന് ഗോൺസാലസ് നേരത്തേ സ്പെയിനിൽ അഭയം തേടിയിരുന്നു.

