കോട്ടയം: നഗരമധ്യത്തിൽ ഇന്നു പുലര്‍ച്ചെയുണ്ടായ കൊലപാതകത്തിനു പിന്നിലും ലഹരി ഇടപാടാണെന്ന് പോലീസ്. കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്തും കുത്തേറ്റു മരിച്ച ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആദര്‍ശ് അഭിജിത്തിന്റെ പക്കല്‍ നിന്ന് 1,500 രൂപയുടെ എംഡിഎംഎ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്കൂട്ടര്‍ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തില്‍ അഭിജിത്തിന്റെ സുഹൃത്ത് മുഖാന്തിരം 10,000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു.
ഇതേച്ചൊല്ലി അഭിജിത്തും ആദര്‍ശും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണില്‍ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ നേരിട്ടെത്തിയപ്പോഴാണു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.
കുത്തേറ്റ ആദര്‍ശ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്നു ബഹളം കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് ആദര്‍ശിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അഭിജിത്ത് മോഷണം, ലഹരി വില്പന, ക്വട്ടേഷന്‍ അക്രമണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.

