ബൈ ബൈ വിരാട്… പോരാളിക്കു യാത്രചൊല്ലാനൊരുങ്ങി കൊച്ചി; സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചു വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേക്ക്

insകൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ പോര്‍നാള്‍വഴികളില്‍ ഐതിഹാസിക ഗാഥകള്‍ രചിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാട് കൊച്ചി വിടാനൊരുങ്ങുന്നു. അടുത്ത ആഴ്ചയോടെ കപ്പല്‍ കൊച്ചി തീരം വിടുമെന്നു കമാന്‍ഡിംഗ് ഓഫീസര്‍ പുനീത് ചദ്ധ പറഞ്ഞു. മുംബൈയിലേക്കു കപ്പല്‍ എത്തിക്കാന്‍ എട്ടു മുതല്‍ പത്തു വരെ ദിവസങ്ങളെടുക്കും. കാലാവസ്ഥയും പാതയും കണക്കാക്കി മാത്രമേ പുറപ്പെടുന്ന തീയതി നിശ്ചയിക്കുവെന്നു അദ്ദേഹം വ്യക്തമാക്കി.

കാലപ്പഴക്കം മൂലം ഡീകമ്മീഷന്‍ ചെയ്യാനൊരുങ്ങുകയാണു ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലമായി ഉപയോഗത്തിലിരിക്കുന്ന പടക്കപ്പലായ വിരാട്. ഡീകമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായി അവസാന സന്ദര്‍ശനത്തിനായി ഐഎന്‍എസ് വിരാട് കൊച്ചിയിലെത്തിയതു കഴിഞ്ഞ ജൂലൈ 28നാണ്. വിരാടിനോടു നാവിക സേന ഉദ്യോഗസ്ഥര്‍ക്കു വൈകാരിക ബന്ധമാണുള്ളത്. ഡീകമ്മീഷന്‍ ചെയ്തതിനു ശേഷം വിരാടിനെ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക പ്രതിരോധ മന്ത്രാലയമായിരിക്കും.

സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചു വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേക്ക്. ഇന്ത്യന്‍ നാവിക ചരിത്രത്തിെന്‍റ പ്രൗഢമായ അധ്യായത്തിന് ഇതോടെ തിരശീല വീണു. മറ്റു കപ്പലുകളുടെ സഹായത്തോടെ കെട്ടിവലിച്ചായിരിക്കും വിരാടിനെ തിരികെ മുംബൈയിലെത്തിക്കുക.

29 വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെ മുഖമായിരുന്ന ഐഎന്‍എസ് വിരാട് ഡീകമ്മീഷന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ഈവര്‍ഷം നവംബറില്‍ ആരംഭിക്കും. മുംബൈയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരിക്കും ഗ്രാന്റ് ഓള്‍ഡ് ലേഡി എന്നു വിളിപ്പേരുള്ള വിരാട് നാവികസേനയോടു വിടപറയുന്നത്.

ഡീകമ്മീഷന്‍ ചെയ്യുന്നതിനു മുമ്പായുള്ള അറ്റകുറ്റപ്പണികള്‍ക്കായാണ് കപ്പലിനെ കൊച്ചിയിലെത്തിച്ചത്. 1991 മുതല്‍ കൊച്ചിയിലാണു വിരാടിെന്‍റ നവീകരണ ജോലികള്‍ ചെയ്യുന്നത്. നിലവില്‍ ആവി എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണിത്. ഏറ്റവുമധികം കാലം സേവനത്തിലിരുന്ന യുദ്ധക്കപ്പലും ലോകത്തു മറ്റൊന്നില്ല.

1959 നവംബര്‍ 18ന് ബ്രിട്ടീഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് വിരാട് കമ്മീഷന്‍ ചെയ്തത്. 1985 വരെ റോയല്‍ നാവികസേനയുടെ ഭാഗമായിരുന്നു ഹെംസ്. 1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പല്‍ വാങ്ങുന്നതും എഎന്‍എസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷന്‍ ചെയ്യുന്നതും.

227 മീറ്റര്‍ നീളമുള്ള പടക്കപ്പലില്‍ 1500 ലേറെ പേരെ താമസിപ്പിക്കാന്‍ സൗകര്യമുണ്ട്. സീ ഹാരിയര്‍ പോര്‍വിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകള്‍ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിലെ സമാധാന സംരക്ഷണ സേനയെ പിന്തുണയ്ക്കാനടക്കം നിരവധി നിര്‍ണായക നീക്കങ്ങളില്‍ നാവിക സേന ഈ കപ്പലിനെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2010നു മുമ്പേ വിരാടിനെ ഡീകമ്മീഷന്‍ ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും റഷ്യയില്‍ നിന്നു വാങ്ങിയ യുദ്ധകപ്പലായ ഐഎന്‍എസ് വിക്രമാദിത്യ രാജ്യത്തിനു കൈ മാറാന്‍ വൈകിയതിനാല്‍ നീളുകയായിരുന്നു.

ഈ വര്‍ഷം മേയ് ആറിന് സീ ഹാരിയര്‍ വിമാനങ്ങളും അവസാനമായി വിരാടില്‍നിന്നു പറന്നുയര്‍ന്നു. സീ ഹാരിയര്‍ ഫ്‌ളീറ്റിന് ഗോവ യിലെ ഐഎന്‍എസ് ഹന്‍സയിലാണു വിടവാങ്ങല്‍ നല്‍കിയത്. നേവിയുടെ സീഹാരിയര്‍ വിമാനങ്ങളായിരുന്നു വിരാടിന്റെ പ്രധാനപ്പെട്ട കരുത്ത്. കപ്പലിന്റെ 22–ാമത്തെ കമാന്‍ഡിംഗ് ഓഫീസറാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍ പുനീത് ചദ്ധ.

Related posts