കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (ജെയ്ന്‍ മാത്യു-56)യെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ക്രൈംബ്രാഞ്ച് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (65) മാത്രമാണ് പ്രതി. അറസ്റ്റിലായി 90 ദിവസം തികയും മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ സെബാസ്റ്റ്യന്‍ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
ചേര്‍ത്തല വാരനാട് സ്വദേശി ഐഷയെയും സെബാസ്റ്റ്യന്‍ കൊന്നതായി സൂചനയുണ്ടായിരിക്കെ ഈ കേസിലും ഉടന്‍ ഇയാള്‍ അറസ്റ്റിലാകും. 2024 ഡിസംബര്‍ 23നു പാലായില്‍ ധ്യാനത്തിനു പോയ ജെയ്നമ്മ തിരികെ വന്നിട്ടില്ല. സെബാസ്റ്റ്യനുമായി ധ്യാനകേന്ദ്രത്തില്‍വച്ച് മുന്‍പരിചയമുള്ള ജെയ്നമ്മ അന്നു വൈകുന്നേരം ചേര്ത്തലയിലെത്തിയെന്നും അപ്പോള്‍തന്നെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്നുമാണ് കേസ്.
അന്നു രാത്രി ജയ്നമ്മയുടെ സ്വർണമാല ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയെകൊണ്ട് പണയപ്പെടുത്തി. ആ കാശുകൊണ്ട് സമീപത്തെ ഗൃഹോപകരണ കടയില്‍നിന്ന് ഒരു ഫ്രിഡ്ജ് സെബാസ്റ്റ്യന്‍ വാങ്ങി.
ഈ ഫ്രിഡ്ജ് പിന്നീട് ഏറ്റുമാനൂര്‍ വെട്ടിമുകളിലുള്ള ഭാര്യവീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. ജെയ്നമ്മയെ അപായപ്പെടുത്തി മൊബൈല്‍ കൈവശപ്പെടുത്തിയ സെബാസ്റ്റ്യന്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സഹോദരനും സഹോദരിക്കും പലതവണ മിസ്ഡ് കോള്‍ ചെയ്തിരുന്നു.
ജെയ്നമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് ഡിസംബറില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ജൂലൈ അവസാനവും സഹോദരിക്ക് മിസ്ഡ് കോള്‍ ലഭിച്ചതില്‍ നടത്തിയ അന്വേഷണത്തില്‍ ഈരാറ്റുപേട്ടയിലാണ് ടവര്‍ ലൊക്കേഷനെന്നു മനസിലായി.
ഇതു പിന്തുടര്ന്നാണ് ജൂലൈ 28ന് പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് സെബാസ്റ്റ്യന്‍ അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍നിന്ന് ജെയ്നമ്മയുടെ രക്തക്കറയും വാച്ചിന്റെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ജെയ്നമ്മയുടെ മാല സെബാസ്റ്റ്യന്‍ സഹായിയെ ഉപയോഗിച്ചു ചേര്‍ത്തല നഗരത്തിലെ സഹകരണസംഘത്തിലും സ്വര്‍ണവള ഉള്‍പ്പെടെ ആഭരണങ്ങള്‍ സ്വകാര്യ ധനകാര്യസ്ഥാപനത്തിലും പണയംവച്ചതായി കണ്ടെത്തിയിരുന്നു. രണ്ടിടത്തെയും സ്വർണം എടുത്ത് പിന്നീട് വില്‍ക്കുകയും ചെയ്തു.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ അസ്ഥിക്കഷണങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ല. പെട്രോളും എഫനോളും ഉപയോഗിച്ച് പല തവണ കത്തിച്ചതിനാല്‍ തിരുവനന്തപുരത്തെ ലാബില്‍ പരിശോധന സാധിക്കാത്ത സാഹചര്യത്തില്‍ ചണ്ഡിഗഡിലെ സെന്‍ട്രല്‍ ലാബില്‍ അയയ്ക്കാനാണ് നീക്കം.
കേസിന്റെ വിചാരണയ്ക്കിടെ ഫലം ലഭിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യന്റെ കുളിമുറിയില്‍ ലഭിച്ച രക്തക്കറ ജെയിനമ്മയുടേതാണെന്ന ഡിഎന്‍എ സ്ഥിരീകരണമാണ് പ്രധാന തെളിവ്.