40 വര്ഷത്തെ പ്രധാന സംഭവങ്ങൾ, മഹാദുരന്തങ്ങൾ, ആഘോഷങ്ങൾ, തെരഞ്ഞെടുപ്പുകൾ, കായികമേളകൾ… ഇതെല്ലാം സ്പന്ദിക്കുന്ന അറിവിന്റെ നിധി. അതാണ് വിൻസ് ടോം എന്ന മലയാളം അധ്യാപകൻ തന്റെ വിദ്യാർഥികൾക്കായി കാത്തുവച്ചിരിക്കുന്നത്.
ദീപിക പത്രത്തിൽ വന്ന വാർത്തകളുടെ ശേഖരമാണ് അറിവിന്റെ വിസ്മയമായി വിദ്യാർഥികൾക്കു മുന്നിൽ തുറന്നത്. മലയാളം ഭാഷാ അധ്യാപകൻ കൂടിയായ വിൻസ് മാഷ് കഴിഞ്ഞ ദിവസം ഹോളിക്രോസ് ഹയര് സെക്കന്ഡറി സ്കൂളില് തന്റെ പത്രശേഖരം പ്രദർശിപ്പിച്ചത് കുട്ടികള്ക്ക് അദ്ഭുതവും കൗതുകവുമായി മാറി.
വായനയുടെ ലോകത്തിലേക്കു തന്നെ നയിച്ച പിതാവിന്റെ ശിക്ഷണത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ഹോബി ജീവിതത്തിലേക്കു കടന്നുവന്നതെന്ന് അദ്ദേഹം പറയുന്നു. നാലു പതിറ്റാണ്ടിനിടെ ലോകത്തിലും ഇന്ത്യയിലും നടന്ന പ്രധാന സംഭവങ്ങള് കോര്ത്തിണക്കിയാണ് പ്രദര്ശനം നടത്തിയത്. 1952 മുതലുള്ള പ്രധാന സംഭവങ്ങളുടെ വാര്ത്തകള് അടങ്ങിയ ദീപിക പത്രം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
ദീപിക ബാലസഖ്യത്തിന്റെ കടുത്തുരുത്തി മേഖല ഓര്ഗനൈസര് ആയിരുന്ന പിതാവ് ടോമിന്റെ പ്രത്യേകമായ പരിശീലനവും പോത്സാഹനവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്.
സ്കൂള് മാനേജര് ഫാ. മാത്യു തെക്കേല്, ഹെഡ്മാസ്റ്റര് ജോജി എബ്രഹാം, പിടിഎ പ്രസിഡന്റ് സജു കൂടത്തിനാല്, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജയ്സണ് ജോസഫ് കുഴികോടിയില്, ഡിസിഎല് യൂണിറ്റ് ഡയറക്ടര്മാരായ സിസ്റ്റര് വിനയ സിഎംസി, സിസ്റ്റര് ജോസ്മി സിഎംസി എന്നിവര് അദ്ദേഹത്തെ അഭിനന്ദിച്ചു.