അതിരമ്പുഴ: പട്ടിത്താനത്ത് ഭർത്താവ് സാം കെ. ജോർജ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ജെസിയുടെ മൊബൈൽ ഫോൺ എംജി സർവകലാശാലാ കാമ്പസിലെ പാറക്കുളത്തിൽനിന്ന് കണ്ടുകിട്ടി.
സ്കൂബാ ഡൈവിംഗ് സംഘം ആഴമേറിയ കുളത്തിൽ ദീർഘനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് ഫോൺ കണ്ടെത്താനായത്.
കേസിലെ നിർണായക തെളിവാണ് ഈ ഫോൺ. ഫോൺ ജെസിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ ശ്വാസംമട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ ശേഷം കാമ്പസിലെത്തിയ പ്രതി കാമ്പസിലെ പാറക്കുളത്തിൽ ഫോൺ ഉപേക്ഷിക്കുകയായിരുന്നു.
ഫോൺ കാമ്പസിലെ പാറക്കുളത്തിൽ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ഇതോടൊപ്പം മറ്റൊരു ഫോണിനുകൂടി വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായില്ല. ഈ ഫോണിനായി വീണ്ടും തെരച്ചിൽ നടത്തും.