തൃശൂർ: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണുവിന്റെ മൃതദേഹ പരിശോധനാ സാധ്യത ആരായുന്നതടക്കമുള്ള നിയമനടപടികളിലേക്ക് പോലീസ് കടക്കുന്നു. ബന്ധുക്കളും ഇതിന് അനുകൂലമാണെന്നാണ് സൂചന. ബന്ധുക്കൾ അനുകൂലിച്ചാലും കോടതിയനുമതിയോടെ മാത്രമേ മൃതദേഹ പരിശോധന സാധ്യമാകൂ. നിയമോപദേശത്തിനും, സാധ്യതകളിലേക്കും പോലീസ് ഉടൻ കടക്കും.എഎസ്പി കിരണ്‍ നാരായണിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികളിൽനിന്നും ചൊവ്വാഴ്ചയും മൊഴിയെടുത്തു. കോളജുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ ചില വിദ്യാർഥികൾ നേരിട്ടും അന്വേഷണ സംഘത്തെ സമീപിച്ചു.
ജിഷ്ണുവിന്റെ മരണത്തിലുള്ള സൈബർ ആക്രമണ പ്രതിഷേധം തുടരുകയാണ്. നെഹ്റു കോളജിന്റെ ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ജിഷ്ണുവിന്റെയും കോളജിന്റെയും ഫേസ്ബുക്ക് പേജിലും പ്രതിഷേധങ്ങൾ ഉണ്ട്. പൊതു സെർച്ചിംഗ് സൈറ്റായ വിക്കിപീഡിയയിലും ഇതിന്റെ പ്രതിഷേധം ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കിപീഡിയയിലെ നെഹ്റുകോളജിന്റെ ലിങ്ക് പേജിൽ സംഭവത്തിന്റെ വലിയ വിശദീകരണമാണ് ഹാക്കർമാർ ചേർത്തിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കുള്ള ലിങ്ക് ആയി പേജിൽ നൽകിയിരിക്കുന്നതും ഇതേ വിശദീകരണങ്ങളാണ്. 14 ലിങ്കുകളിൽ പത്തോളവും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടതാണ്. നെഹ്റു കോളജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന സൈബർസംഘത്തിന്റെ മുന്നറിയിപ്പ് യൂ ട്യൂബിലും പ്രചരിക്കുന്നുണ്ട്

