കണ്ണൂർ: കണ്ണപുരം കീഴറയിൽ വീട്ടിൽ സ്ഫോടനമുണ്ടായി വീട് തകരുകയും ഒരാൾ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വകുപ്പുതല നിഗമനം. അറസ്റ്റിലായ അനൂപ് മാലിക്ക് നേരത്തെ വാടകയ്ക്കെടുത്ത് പടക്കങ്ങൾ സംഭരിച്ച പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ 2016ൽ സമാന സ്ഫോടനമുണ്ടായിരുന്നു.
ഈ സ്ഫോടനത്തിൽ വീട് തകരുകയും സമീപത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ അനൂപ് മാലിക്കിനെതിരെ നിരവധി കേസുകളുമുണ്ട്. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ നിരന്തരം നിരീക്ഷിക്കണമെന്നിരിക്കെ രഹസ്യാന്വേഷണ വിഭാഗത്തിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. കീഴറയിലെ വീട്ടിൽ വലിയ തോതിലുള്ള സ്ഫോടക വസ്തുക്കൾ സംഭരിച്ചു വയ്ക്കുന്നതിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നതാണ് സ്ഫോടനത്തിനും ഒരാളുടെ മരണത്തിനും ഇടയാക്കിയതെന്നാണ് പോലീസ് വിലയിരുത്തൽ.
അതിനിടെ കീഴറയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തുന്നതിനെ കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിരവധി സ്ഫോടക വസ്തു കേസുകൾ ഇയാൾക്കെതിരെയുള്ള സാഹചര്യത്തിലാണ് കാപ്പ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
റിമാൻഡിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും. പവർലിഫറ്റർമാരുടെ സംഘടനാ നേതാവായ പ്രതി ജിം ട്രെയിനറായാണ് പ്രവർത്തിക്കുന്നത്. ഉത്സവകാലത്ത് ക്ഷേത്രങ്ങളിലേക്കും മറ്റുമുള്ള വെടിക്കെട്ട് കരാറെടുക്കുന്നവർക്ക് കരിമരുന്ന് എത്തിച്ച് നൽകുന്ന വ്യക്തികൂടിയാണ് അനൂപ് മാലിക്ക്. ഇയാൾ നേരിട്ട് കരാറെടുക്കാറില്ല. പകരം കരാറെടുത്തവർക്ക് വെടിക്കെട്ടിനാവശ്യമായ കരിമരുന്ന് ഉത്പന്നങ്ങൾ എത്തിച്ചു നൽകുകയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടക വസ്തുക്കൾ ഇയാൾക്ക് എത്തിച്ച് നൽകുന്നത് ആരാണ് എന്നതുൾപ്പടെയുള്ള കാര്യങ്ങളും ഇയാളുടെ മറ്റു ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ജിം ട്രെയിനർ, പവർലിഫ്റ്റർ എന്നിവ മറയാക്കി മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന കാര്യവും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.