ബംഗളൂരു: കർണാടകയിലെ അധികാര വടംവലി ഹൈക്കമാൻഡ് പരിഹരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും ഖാർഗെ പറഞ്ഞു.
ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഡൽഹിയിലെത്തിയ എംഎൽഎമാർ ഇന്നലെ കർണാടകയിൽ മടങ്ങിയെത്തി. ഇക്കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കുമെന്ന് എംഎൽഎമാർ ചൊവ്വാഴ്ച പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനത്ത് രണ്ടര വർഷം പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡികെ വിഭാഗം നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിവിഷയത്തിലെ ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്നും യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കമാൻഡിനോട് അഭ്യർഥിച്ചതായി എംഎൽഎമാർ പറഞ്ഞു.
2023ൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മിൽ അധികാര പങ്കിടൽ കരാർ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ശിവകുമാറിനെ അനുകൂലിക്കുന്ന ആറ് എംഎൽഎമാർ ഹൈക്കമാൻഡിനെ കാണാൻ ഞായറാഴ്ച രാത്രി ഡൽഹിക്കു പോയിരുന്നു.
അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചിരുന്നു. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും നിലവിലെ ആശയക്കുഴപ്പം പരിഹരിക്കാൻ അവരോട് ആവശ്യപ്പെട്ടെന്നും മഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണ പറഞ്ഞു.
ആര് മുഖ്യമന്ത്രിയാകുമെന്നത് പ്രധാനമല്ല. നിലവിലെ സാഹചര്യം പാർട്ടിക്കു ദോഷകരമാണ്. ഹൈക്കമാൻഡ് ഇടപെട്ട് ഇത് അവസാനിപ്പിക്കണം- ശിവകുമാർ വിഷയം നേതൃത്വവുമായി ചർച്ച ചെയ്തോയെന്നു വ്യക്തമാക്കാതെ അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് രാമനഗര എംഎൽഎ ഇഖ്ബാൽ ഹുസൈൻ പറഞ്ഞു. “ഞാൻ എപ്പോഴും ആ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. 200 ശതമാനം, അദ്ദേഹം ഉടൻ മുഖ്യമന്ത്രിയാകും. ഹൈക്കമാൻഡ് തീരുമാനമെടുക്കും.
ഞങ്ങളുടെ നേതാവ് (ശിവകുമാർ) പറഞ്ഞതുപോലെ, അധികാര കൈമാറ്റം അഞ്ചോ ആറോ പാർട്ടി നേതാക്കൾക്കിടയിലുള്ള ഒരു രഹസ്യ ധാരണയാണ്, ആ അഞ്ചോ ആറോ പേർ തീരുമാനിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പാർട്ടിയിൽ അനൈക്യമില്ലെന്നായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻകൂടിയായ ശിവകുമാറിന്റെ പ്രതികരണം.

