തിരുവനന്തപുരം: കെസിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കലാശപ്പോരാട്ടത്തിനായി കാര്യവട്ടത്തെ കളിത്തട്ട് ഇന്നുണരുമ്പോള് കേരള ക്രിക്കറ്റ് ലോകം ഒന്നടങ്കം മുന്നോട്ടുവെയ്ക്കുന്നു ചോദ്യമിതാണ്; കൊല്ലം തുടരുമോ? അതോ, കൊച്ചി അട്ടിമറി നടത്തുമോ? ഇന്നു വൈകുന്നേരം 6.45ന് കാര്യവട്ടത്തെ പുല്‍മൈതാനം കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുളള ഫൈനല്‍ പോരാട്ടത്തിനു ടോസ് വീഴുമ്പോള്‍ ആവേശം വാനോളം ഉയരും.
നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ് ലേഴ്സ് ചാമ്പ്യന്‍ പട്ടത്തില്‍ തുടരുമോ അതോ ഇത്തവണത്തെ കറുത്ത കുതിരകളായി മാറിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടത്തില്‍ ചുംബിക്കുമോ എന്ന വിധി നിര്‍ണായക ദിനം. സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തോപ്പിച്ചാണ് കൊല്ലം സെയ്ലേഴ്സ് ഫൈനല്‍ പോാരാട്ടത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശനം.
കൊച്ചി വന്ന വഴി
ലീഗ് മത്സരങ്ങളില്‍ കളിച്ച 10ല്‍ എട്ടു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായിയാണ് കൊച്ചി സെമിയിലേക്ക് ചുവടുവച്ചത്. സെമിയില്‍ കാലിക്കട്ടിനെതിരെ 15 റണ്‍സിന്റെ വിജയത്തോടെ ഫൈനലിലേക്കും. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കൊച്ചി ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ഒരു സെഞ്ചുറി ഉള്‍പ്പെടെ മിന്നും പ്രകടനം നടത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ് ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പോയത് കൊച്ചിക്ക് ഫൈനല്‍ പോരാട്ടത്തില്‍ നഷ്ടമാണ്. സഞ്ജുവില്ലാതെ സെമി പോരാട്ടത്തിനിറങ്ങി ശക്തരായ കാലിക്കട്ടിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ടീമിന് കരുത്താണ്.
ഓപ്പണര്‍ വിനൂപ് മനോഹരനിലാണ് ടീം ഏറ്റവുമധികം പ്രതീക്ഷവച്ചു പുലര്‍ത്തുന്നത്. 11 ഇന്നിംഗ്സുകളില്‍ നിന്നായി 344 റണ്‍സുമായി റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ് വിനൂപ്. വിനൂപ്-വിപുല്‍ ശക്തി കൂട്ടുകെട്ടാവും ഇന്നും ഓപ്പണിംഗിനിറങ്ങുക. മുഹമ്മദ് ഷാനുവും നിഖില്‍ തോട്ടത്തിലും ക്യാപ്റ്റനും ഓള് റൗണ്ടറുമായ സാലി സാംസണും ഉള്‍പ്പെടുന്ന മധ്യനിരയും ശക്തം. ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ജോബിന് ജോബി, മുഹമ്മദ് ആഷിഖ് തുടങ്ങിയവര്‍ ശക്തമായ പോരാട്ട വീര്യം കാഴ്ച്ചവയ്ക്കാന്‍ കരുത്തുള്ളവര്‍. കെ.എം. ആസിഫ് ആണ് കൊച്ചി ബൗളിംഗിന്റെ കുന്തമുന. ഏഴു മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകളാണ് ആസിഫ് ഇതുവരെ നേടിയിട്ടുള്ളത്. പി.കെ. മിഥുനും മികച്ച ബൗളിംഗാണ് കാഴ്ച്ചവച്ചത്.
തോമസ് വര്‍ഗീസ്