തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ കടുത്ത നടപടികളിലേക്കു നീങ്ങാൻ സാധ്യത. സിന്‍ഡിക്കേറ്റിനെതിരേ നടപടി എടുക്കാനുള്ള കൂടിയാലോചനകള്‍ ഗവര്‍ണര്‍ തുടങ്ങി. വിസി സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെ ഇടത് അനുകുല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് തിരിച്ചെടുത്ത നടപടി നിയമവിരുദ്ധമാണെന്ന വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഗവര്‍ണര്‍ നടപടികളിലേക്കു കടക്കുന്നത്.
ആദ്യപടിയായി സിന്‍ഡിക്കേറ്റിനോടു വിശദീകരണം തേടും. അതിനുശേഷമായിരിക്കും നടപടികളിലേക്കുകടക്കാന് സാധ്യതയെന്നാണു ലഭിക്കുന്ന സൂചന. സര്‍വകലാശാല ചട്ടങ്ങളുടെ 7 (4) നിയമത്തിന്റെ ലംഘനം സിന്‍ഡിക്കേറ്റ് നടത്തിയെന്നാണു താത്കാലിക വിസിയായ ഡോ. സിസ തോമസ് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ് ഭവന് നിയമോപദേശം തേടിയിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സിന്‍ഡിക്കേറ്റ് നടത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാനുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് ഉണ്ടെന്നാണു വ്യവസ്ഥ. ഇത്തരത്തില്‍ ചട്ടലംഘനം നടത്തിയ സിന്‍ഡിക്കേറ്റുകളെ പിരിച്ചുവിട്ട മുന്‍കാല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഇടതു സിന്‍ഡിക്കേറ്റ് യോഗംചേര്‍ന്ന് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിനെതിരേ ഗവര്‍ണര്‍ നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്. സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിനു നിയമസാധുതയില്ലെന്ന നിയമപോദേശം വിസിക്ക് ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
വിസിയുടെ നിര്‍ദേശം ലംഘിച്ച് സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ ഒത്താശ ചെയ്ത ജോയിന്റ് രജിസ്ട്രാറെ ഇന്നലെ വിസി സിസ തോമസ് സ്ഥാനത്തുനിന്നു നീക്കം ചെയ്തിരുന്നു. പകരം ചുമതല മിനി കാപ്പനു വിസി നല്‍കിയെങ്കിലും ഇടത് അനുകൂല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അവരെ ചുമതലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.
അതേസമയം താല്‍ക്കാലിക വിസിയുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് അടുത്ത ദിവസം ചുമതല ഒഴിയും. റഷ്യന്‍ സന്ദര്‍ശനം
പൂർത്തിയാക്കി ഡോ. മോഹനന് കുന്നുമ്മേല്‍ അടുത്ത ദിവസം എത്തുമ്പോള്‍ ചുമതല തിരികെ നല്‍കും.കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ പത്മനാഭ സേവസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ സെമിനാര്വേദിയിലെ ഭാരതാംബ ചിത്ര വിവാദമാണു നിലവിലെ സംഘര്‍ഷങ്ങളിലേക്കു നയിച്ചത്.