കൊല്ലം: പച്ച മരുന്ന് ശേഖരിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ വീണ കൊട്ടാരക്കരയിലെ ലോട്ടറി വില്പനക്കാരിക്ക് 13 മണിക്കൂറുകൾക്ക് ശേഷം അദ്ഭുതകരമായ രക്ഷപ്പെടൽ. പൊട്ടക്കിണറ്റിൽ വീണ് മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ട 54 കാരി യമുനക്കിത് അക്ഷരാർഥത്തിൽ രണ്ടാം ജന്മം തന്നെയാണ്.
കൊട്ടാരക്കര റെയിൽവേസ്റ്റേഷന് സമീപമുള്ള ശിവവിലാസത്തിൽ യമുന 12നു രാവിലെ പതിനൊന്നു മണിയോടെയാണ് പൊട്ടകിണറ്റിൽ വീഴുന്നത്. അവർ കിണറ്റിൽ വീണ് കിടക്കുന്ന കാര്യം ആരും അറിഞ്ഞില്ല. കനത്ത മഴയ്ക്കിടെ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും സംയുകതമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ അവരെ കിണറ്റിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്താനാവുന്നത്.
പച്ചമരുന്ന് ശേഖരിക്കാനായാണ് ഉഗ്രൻകുന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് യമുന സ്കൂട്ടറിൽ പോകുന്നത്. സ്കൂട്ടർ വഴിയരികിൽ നിർത്തി ഹെൽമെറ്റ് മാറ്റാതെ തന്നെ അവർ നെയ് വള്ളിയില എന്ന പച്ചമരുന്ന് ശേഖരിക്കുകയായിരുന്നു. മടങ്ങുമ്പോഴാണ് അബദ്ധത്തിൽ കാൽ വഴുതി കാൽവഴുതി കിണറ്റിൽ വീഴുന്നത്. തകരഷീറ്റ് കൊണ്ട് ഭാഗികമായി മൂടിയ കിണറായിരുന്നു അത്. ഷീറ്റിന്റെ ഒരു ഭാഗം തകർന്നു അവർ കിണറ്റിലേക്ക് വീഴുകയായിരുന്നു. 13 തൊടിയുള്ള കിണറ്റിൽ കിടന്നുള്ള നിലവിളി ആരും കേട്ടില്ല. ആളുകൾ എത്താത്ത സ്ഥലമായതിനാൽ അവിടേക്ക് ആരും വന്നതുമില്ല.
തലയിൽ ഹെൽമെറ്റോടെ 13 മണിക്കൂറോളം ആണ് യമുന കിണറ്റിൽ കിടന്നത്. ഇടക്കിടക്ക് വലിയ ഉച്ചത്തിൽ നിലവിളിച്ചു നോക്കിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. യമുനയെ കാണാതായതോടെ ഭർത്താവ് ദിലീപും കുടുംബവും തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ലോട്ടറി വിൽപനയ്ക്കായി യമുന പോകാറുള്ള സ്ഥങ്ങളിലൊക്കെ അവർ അന്വേഷിച്ചു. കാണാതായതോടെ വൈകിട്ട് ആറരയോടെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ഏറെ നേരം നടത്തിയ തെരച്ചിലിലും അവരെ കണ്ടെത്താനായിരുന്നില്ല.
ഭർത്താവ് ദിലീപ് പറഞ്ഞതോടെയാണ് ഒടുവിൽ ഉഗ്രൻകുന്നിൽക്കൂടി പരിശോധിക്കാൻ തീരുമാനിക്കുന്നത്. ഇവരുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനു സമീപം പച്ചമരുന്ന് ശേഖരിക്കാൻ പോയിരിക്കുമോ എന്ന സംശയം ദിലീപിനാണ് ഉണ്ടാവുന്നത്. ആ സംശയമാണ് യമുനക്ക് രക്ഷയാവുന്നത്. വഴിയരികിൽ സ്കൂട്ടർ നിർത്തിയിരിക്കുന്നത് കണ്ടതോടെ പ്രതീക്ഷയോടെ പോലീസും നാട്ടുകാരും തുടർന്ന് അന്വേഷണം നടത്തുമ്പോഴാണ് കിണറിനുള്ളിൽ നിന്നു യമുനയുടെ കരച്ചിൽ കേൾക്കുന്നത്.
അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി യമുനയെ പിന്നീട് പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനം അര മണിക്കൂർ കൂടി വൈകി എങ്കിൽ സ്ഥിതി വഷളാകുമായിരുന്നു. കിണറിൽ ഓക്സിജന്റെ അളവ് കുറവായിരുന്നു എന്നാണു ഡോക്ടർമാർ പറഞ്ഞത്. തറനിരപ്പോട് ചേർന്ന് പുല്ലുകൾ മൂടിയ നിലയിലായിരുന്നു കിണർ എന്നതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യമുന പറഞ്ഞു. കിണറ്റിൽ വെള്ളം കുറവായിരുന്നതും രക്ഷയായി.
നടുവിടിച്ചാണ് വീണത്. തലയിൽ നിന്നു ഹെൽമെറ്റ് മാറ്റാതിരുന്നത് കൊണ്ടു പരുക്കേറ്റില്ല. രാത്രി മഴ ശക്തമായതോടെ വെള്ളം കിണറ്റിലേക്ക് ഒഴുകിയിറങ്ങിയിരുന്നു. തുടർന്നാണ് ആളുകളുടെ സംസാരം കേട്ട് യമുന കരയുന്നത്. യമുനയെ കണ്ട ഉടനെ ഭർത്താവ് ദിലീപ് കിണറ്റിലേക്കു ചാടാനൊരുങ്ങിയത് നാട്ടുകാർ ഇടപെട്ടാണ് തടയുന്നത്. തുടർന്നാണ് യമുന അഗ്നി സേന പ്രവർത്തകരുടെ സഹായത്തോടെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നത്. ഇപ്പോൾ അവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
- അജി വള്ളിക്കീഴ്