കോട്ടയം: മെഡിക്കല്‍ കോളജില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വിവിധ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എന്‍. വാസവന്, വീണാ ജോര്‍ജ് എന്നിവര്‍ വിളിച്ച അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
എംബിബിഎസ് വിദ്യാര്‍ഥികളുടെ മെന്‍സ് ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുവാനും തീരുമാനമായി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിടേണ്ടിവരുന്ന സാങ്കേതിക വിഷയങ്ങള്‍ വിശദമായി വിലയിരുത്തി അടിയന്തരമായി പരിഹരിച്ച് മുന്നോട്ടുപോകും. കെഎസ്ഇബി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും.
ഇക്കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കോട്ടയം മെഡിക്കല്‍ കോളജിനായി ചെലവിട്ടത് 956. 79 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഇതുവരെ 746.10 കോടി രൂപയാണ് മെഡിക്കല്‍ കോളജിനായി നല്‍കിയിരിക്കുന്നത്.അത്യാധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച് ബ്ലോക്കുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി പദവിയിലേക്ക് എത്തിച്ചേരും.
36 കോടി രൂപ ചെലവില്‍ കാര്‍ഡിയോളജി ബ്ലോക്ക് ഒന്നാംഘട്ടത്തിന്റെ നിര്‍മാണം നടന്നു വരികയാണ്. അഞ്ച് നിലകളുള്ള ഈ വിഭാഗത്തില്‍ അടിയന്തര സാഹചര്യത്തിലുള്ള ശസ്ത്രക്രിയകള്‍ അടക്കമുള്ള കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. 10 കോടിരൂപ ചെലവില്‍ പകര്‍ച്ചവ്യാധി നിയന്ത്രണവിഭാഗത്തിന്റെ ബ്ലോക്കും നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.