ബിൽ കുടിശിക അടയ്ക്കാത്തതിനെത്തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിശ്ഛേദിച്ച കെഎസ്ഇബി അധികൃതരോട് യുവാവിന്റെ വിചിത്ര പ്രതികാരം. കാസർഗോഡ് ആണ് സംഭവം. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള 23 ട്രാൻസ്ഫോർമറുകളിലെ നൂറിലധികം ഫ്യൂസുകൾ ഊരി കാട്ടിലെറിഞ്ഞാണ് ചൂരി കളിയങ്ങാട് സ്വദേശിയായ യുവാവ് പ്രതികാരം ചെയ്തത്.
ഇതോടെ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിലുൾപ്പെടെ രണ്ടു മണിക്കൂറോളം വൈദ്യുതി മുടങ്ങി. പല ഫ്യൂസുകളും പൊട്ടിച്ചെറിഞ്ഞ നിലയിലായിരുന്നു. പകരം പുതിയവ പെട്ടെന്ന് ലഭ്യമാകാത്തതിനാൽ നേരിട്ട് വയർ കെട്ടിയാണ് പലയിടങ്ങളിലും വൈദ്യുതി കണക്ഷൻ താത്കാലികമായി പുനഃസ്ഥാപിച്ചത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം.
യുവാവും സുഖമില്ലാതെ കിടപ്പിലായ അച്ഛനും മാത്രമാണ് വീട്ടിലുള്ളത്. 22,000 രൂപയുടെ വൈദ്യുതി ബിൽ കുടിശികയാണുണ്ടായിരുന്നത്. കെഎസ്ഇബി ജീവനക്കാർ പലതവണ വിളിച്ച് മുന്നറിയിപ്പു നൽകിയിട്ടും ഇയാൾ തിരിച്ച് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതോടെയാണ് വെള്ളിയാഴ്ച രാവിലെ ജീവനക്കാരെത്തി പോസ്റ്റിൽനിന്ന് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചത്.
വൈകിട്ടോടെ ഒരു കുട്ടിയുമായി ഇയാൾ നെല്ലിക്കുന്നിലെ വൈദ്യതി സെക്ഷൻ ഓഫീസിലെത്തി ബഹളം വയ്ക്കുകയും ഒരു കെട്ട് പണം കാണിച്ച് ബില്ലടയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. എന്നാൽ അപ്പോഴേക്കും കൗണ്ടറിൽ പണം സ്വീകരിക്കുന്ന സമയം കഴിഞ്ഞിരുന്നു. ഇതോടെ ഇയാൾ വീണ്ടും ബഹളംവച്ച് ഇറങ്ങിപ്പോയി.
സന്ധ്യയോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതായി ഓഫീസിലേക്ക് ഫോൺ കോളുകൾ വരാൻ തുടങ്ങി. കെഎസ്ഇബി ജീവനക്കാർ ചെന്നുനോക്കിപ്പോഴാണ് ട്രാൻസ്ഫോർമറുകളുടെ ഫ്യൂസുകൾ ഊരിയെറിഞ്ഞതാണെന്ന് മനസിലായത്.
പലയിടങ്ങളിലും ഇയാൾ ഫ്യൂസ് ഊരുന്നത് നാട്ടുകാർ കണ്ടിരുന്നതായും തടയാൻ ശ്രമിച്ചിരുന്നതായും വിവരം ലഭിച്ചു. ഇതോടെ കെഎസ്ഇബി അധികൃതർ ടൗൺ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

