വാഷിംഗ്ടൺ ഡിസി: കൂട്ട നാടുകടത്തലുമായി ട്രംപ് ഭരണകൂടം. സ്വയം രാജ്യംവിടുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1,000 ഡോളറും യാത്രാ സഹായവും വാഗ്ദാനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ച് അമേരിക്ക. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) കഴിഞ്ഞദിവസമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അനധികൃതമായി അമേരിക്കയിൽ കഴിയുന്ന ഒരാളെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും ഏകദേശം 17,000 ഡോളർ ചിലവാകും. അതുകൊണ്ട് 1,000 ഡോളർ പദ്ധതി സർക്കാരിനു ലാഭകരമാണ്. ജനുവരി 20 ന് അധികാരമേറ്റതിനുശേഷം, പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഭരണകൂടം 152,000 പേരെ നാടുകടത്തി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ജോ ബൈഡന്റെ കാലത്ത് നാടുകടത്തിയത് 195,000 പേരെയാണ്. ദശലക്ഷക്കണക്കിനു രേഖകളില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ശക്തമായ വാഗ്ദാനം നൽകിയിരുന്നു.