കഴിഞ്ഞകുറച്ച് നാളുകളായി സോഷ്യൽ മീഡിയ അടക്കി വാണിരുന്ന ഒരാളാണ് ലബുബു പാവകൾ. കാഴ്ചയിൽ അത്ര ഭംഗി ഇല്ലങ്കിലും ലബുബുവിന് ആരാധകർ ഏറെയാണ്. ചൈനീസ് കളിപ്പാട്ട നിർമാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകൾ പുറത്തിറക്കിയത്. പ്രായഭേദമന്യേ തന്നെ പലരും ലബുബുവിനെ ഇഷ്ടപ്പെടുന്നു.
ഇപ്പോഴിതാ ലബുബുവിനെ സംബന്ധിച്ചുള്ളൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയും മകളും തമ്മിലുള്ള സംസാരത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ലബുബു പാവ ഒരു ചൈനീസ് ദൈവമാണെന്ന് പെൺകുട്ടി അമ്മയോട് പറയുന്നു. അത് കേൾക്കേണ്ട താമസം അമ്മ ലബുബുവിനെ ആരാധിക്കാൻ തുടങ്ങി. പാവ എന്നതിലുപരി ലബുബു ദൈവമാണെന്ന് ധരിച്ചാണ് അമ്മ ആരാധിക്കുന്നത്.
പാവയുമായി പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രത്തിനു മുൻപിൽ നിന്ന് പ്രാർഥിക്കുകയും ശേഷം പാവയെ വീട്ടിലെ മറ്റുള്ള വ്യക്തികൾക്കു മുൻപിലൂടെ കൊണ്ട് ചെന്ന് അവരോട് ലബുബുവിനെ തൊട്ട് വണങ്ങാൻ പറയുകയും ചെയ്യുന്നു. വീട്ടിലുള്ള മറ്റുള്ളവരും അതിനെ കൈകൊണ്ട് തൊട്ടു വണങ്ങി ആരാധിക്കുന്നതുമായ രംഗങ്ങൾ ആണ് വീഡിയോയിലുള്ളത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നിഷ്കളങ്കയായ അമ്മയെ മകൾ പറ്റിച്ചു’ എന്നാണ് പലരും പറഞ്ഞത്.