കൊച്ചി: ഡാര്‍ക്ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലമെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). എഡിസണെയും സഹായിയെയും എന്‍സിബി വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവരെ ഇന്നലെ കോടതി എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്‍സിബി കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് വില്പന ശൃംഖലയായ “കെറ്റാമെലന്‍’ എന്ന ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണ്. ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു “ലെവല്‍ 4′ ഡാര്ക്നെറ്റാണ് കെറ്റാമെലന്‍ എന്നും എന്‍സിബി അറിയിച്ചു.
നാല് മാസം നീണ്ട അന്വേഷണം
നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. അന്വേഷണത്തില്‍ 1,127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന് ക്രിപ്റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും എന്‍സിബി പിടിച്ചെടുത്തിട്ടുണ്ട്. “കെറ്റാമെലന്‍’ എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.
ജൂണ്‍ 28ന് കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളില്‍ നിന്നാണ് സംശയം ഉയര്‍ന്നത്. ഇതില്‍ 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഉണ്ടെന്നു അന്വേഷണത്തില്‍ കണ്ടെത്തുകയും ഇത് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പാഴ്സലുകള്‍ ബുക്ക് ചെയ്തതായി സംശയിക്കുന്ന വ്യക്തിയുടെ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 131.66 ഗ്രാം കെറ്റാമിനും 847 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം 35.12 ലക്ഷം രൂപ വിലയുണ്ട്.