പൊതു നിരത്തിൽ വാഹനം ഓടിക്കുന്നതിന് ലൈസൻസ് നിർബന്ധമാണ്. 18 തികയാത്ത ആർക്കും തന്നെ നമ്മുടെ രാജ്യത്ത് ലൈസൻസ് നൽകില്ല. എങ്കിലും പ്രായപൂർത്തി ആകുന്നതിനു മുന്നേ തന്നെ നമ്മുടെ നാട്ടിൽ കുട്ടികൾ വാഹനങ്ങളിൽ ചീറിപ്പായാറുണ്ട്. അത്തരത്തിലൊരും വാർത്തായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാജസ്ഥാനിലാണ് സംഭവം. രാജസ്ഥാൻ നഗരിയുടെ തിരക്കുകളിലൂടെ രണ്ട് കുട്ടികൾ ഥാറിൽ പോകുന്ന വീഡിയോ ആണ് ഇത്. രണ്ടാളും സ്കൂൾ യൂണിഫോമിലാണ്. 15 വയസ് പോലും തികയാത്ത രണ്ട് കുട്ടികളാണെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ മനസിലാക്കാം.
ഒരാൾ വണ്ടി ഓടിക്കുന്പോൾ മറ്റേയാൾ ഇതിന്റെ വീഡിയോ എടുക്കുകയാണ്. വണ്ടിയിൽ പാട്ട് വച്ചിട്ടുണ്ട്. പാട്ടിന്റെ താളത്തിൽ രണ്ടാളും ആസ്വദിച്ച് പാഞ്ഞുപോവുന്നതും നമുക്ക് കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ കുട്ടികളുടെ സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ആശങ്കകൾ നിരവധി ആളുകൾ പങ്കുവച്ചു.
റോഡുകളിലെ സുരക്ഷാ ആശങ്കകൾ എല്ലാ ദിവസവും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ ഥാർ യാത്രയെന്നാണ് പലരും കമന്റ് ചെയ്തത്. എന്തായാലും ഇത് അധികാരികളിലേക്ക് എത്തുന്നതു വരെ മാക്സിമം പങ്കുവയ്ക്കാൻ പറഞ്ഞവരും കുറവല്ല.