പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനു കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ പൊട്ടിത്തെറി. താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും കുടുംബവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും ലാലുവിന്റെ രണ്ടാമത്തെ മകള്‍ ഡോ. രോഹിണി ആചാര്യ അറിയിച്ചു.
ആര്‍ജെഡി വിമതനേതാവായ സഞ്ജയ് യാദവിന്റെയും ഭര്‍ത്താവ് റമീസിന്റെയും ഉപദേശപ്രകാരമാണു തീരുമാനമെന്നും രോഹിണി പറയുന്നു. ‘ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്… സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്… എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു’- എക്സിലെ പോസ്റ്റിൽ രോഹിണി കുറിച്ചു.
എംബിബിഎസ് ബിരുദധാരിയായ രോഹിണി ആചാര്യ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥിയായിരുന്നു. എന്നാല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. രണ്ടു വർഷംമുന്പ് പിതാവ് ലാലുപ്രസാദ് യാദവിന് തന്റെ വൃക്കകളിലൊന്നു നൽകി രോഹിണി മാധ്യമശ്രദ്ധ നേടിയിരുന്നു.
മൂത്ത മകന് തേജ് പ്രതാപ് യാദവിനെ മാസങ്ങൾക്കുമുന്‍പ് പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും ലാലു പ്രസാദ് യാദവ് പുറത്താക്കിയിരുന്നു. അനുഷ്ക യാദവുമായി ദീര്‍ഘകാല ബന്ധമുണ്ടെന്ന തേജ് പ്രതാപിന്റെ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു നടപടി. തേജ് പ്രതാപിനെ പാർട്ടിയിൽനിന്നുപുറത്താക്കിയതിനെ രോഹിണി എതിർത്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
ലാലുവിന്റെ ഇളയമകൻ തേജസ്വി യാദവാണ് ഇപ്പോൾ ആർജെഡിയെ നയിക്കുന്നത്. ആർജെഡിയിൽനിന്നു പുറത്തായ തേജ് പ്രതാപ് യാദവ് ജൻശക്തി ജനതാദൾ (ജെജെഡി) എന്ന പാർട്ടി രൂപീകരിക്കുകയും 20 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തുകയും ചെയ്തിരുന്നു. എന്നാൽ, മാഹുവ മണ്ഡലത്തിൽ മത്സരിച്ച തേജ് പ്രതാപ് മൂന്നാംസ്ഥാനത്തായതിനു പുറമെ മറ്റ് 19 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമായിരുന്നു ആര്‍ജെഡി ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധൻ ഏറ്റുവാങ്ങിയത്. 25 സീറ്റുകളില്‍ മാത്രമാണ് ആര്‍ജെഡിക്കു വിജയിക്കാന്‍ കഴിഞ്ഞത്. കോൺഗ്രസാകട്ടെ ആറു സീറ്റിൽ ഒതുങ്ങി.

