കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്.
മൂവാറ്റുപുഴ സ്വദേശിയും ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്.
പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്.
പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും ഇടയാക്കിയെന്ന് ഡി. ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.
തകരാറിലായ ലാപ്ടോപ് തിരികെ എടുത്ത് ലാപ്ടോപ്പിന്റെ വിലയായ 1,14,000 രൂപ തിരികെ നല്‍കാനും മാനസിക ബുദ്ധിമുട്ടിനും അസൗകര്യങ്ങള്‍ക്കും 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് എതിര്‍കക്ഷി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.