തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്നു വോട്ട് ചെയ്യാനുള്ള സംവിധാനമില്ല. കഴിഞ്ഞ തവണത്തെ വീട്ടിൽ വോട്ട് ക്രമീകരണം ഇത്തവണ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഉപേക്ഷിച്ചു. പകരം, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും മറ്റു പ്രത്യേക പരിഗണന വേണ്ടവർക്കും പോളിംഗ് ബൂത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഇവർക്കു ക്യൂ നിൽക്കാതെ വോട്ട് രേഖപ്പെടുത്താൻ സംവിധാനമൊരുക്കും.
കോവിഡ് കാലത്തു നടന്ന 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന സ്പെഷൽ വോട്ടർ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കിടപ്പുരോഗികൾക്ക് അടക്കം ഇത് ഏറെ ഗുണം ചെയ്തെങ്കിലും ഒട്ടേറെ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും ഈ രീതി പിന്തുടർന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കോവിഡ് നിയന്ത്രണം നിലനിന്ന സമയത്ത് ആയതിനാൽ കോവിഡ് ബാധിച്ചവർക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ടെടുപ്പിന്റെ അവസാനസമയം വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നു. ഈ സമയം പോളിംഗ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ചാണ് ബൂത്തിൽ ഇരുന്നത്.
പോളിംഗ് ബൂത്തുകളുടെഎണ്ണം ഇനിയും കുറയും
ഡിസംബർ ഒൻപതിനും 11നുമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇനിയും കുറയും. നേരത്തേ 33,757 പോളിംഗ് ബൂത്തുകളായിരുന്നു കണ്ടെത്തിയിരുന്നത്. പഞ്ചായത്ത് തലത്തിൽ 1200 പേർക്ക് ഒരു ബൂത്തും നഗരസഭാ തലത്തിൽ 1500 പേർക്കുമായി ക്രമീകരിച്ചിരുന്നു. വോട്ടർമാരുടെ എണ്ണം കുറവുള്ള ബൂത്തുകൾ ഏകീകരിച്ചപ്പോൾ ഇവയുടെ എണ്ണം 33,711 ആയി കുറഞ്ഞു.
ആന്തൂർ നഗരസഭയിലും മലപ്പട്ടം അടക്കമുള്ള രണ്ടു പഞ്ചായത്തുകളിലും 14 വാർഡുകളിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചതോടെ ഇവിടെയും വോട്ടെടുപ്പു വേണ്ടിവരില്ല. ഇതോടെ ഇവിടങ്ങളിലെ ബൂത്തുകളും വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിന് ആനുപാതികമായി ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും.
ബൂത്തിൽ ഇക്കുറി നാലു ജീവനക്കാർ മാത്രം
കഴിഞ്ഞ തവണ കോവിഡ് കാലത്തു നടന്ന തെരഞ്ഞെടുപ്പായതിനാൽ ഒരു ബൂത്തിൽ അഞ്ചു ജീവനക്കാരെ വീതമാണ് വിന്യസിച്ചിരുന്നത്. ഇത്തവണ ഒരു ബൂത്തിൽ നാലു ജീവനക്കാർ മാത്രം. പ്രിസൈഡിംഗ് ഓഫീസർ, ഒന്ന്, രണ്ട്, മൂന്നു പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് വിന്യസിക്കുക. പ്രിസൈഡിംഗ് ഓഫീസർ ഗസറ്റഡ് ഉദ്യോഗസ്ഥനാകും. ഒന്നാം പോളിംഗ് ഓഫീസറും മുതിർന്ന ഉദ്യോഗസ്ഥരാകും. പോളിംഗ് ബൂത്തുകളിൽ 1.30 ലക്ഷം ജീവനക്കാരുണ്ടാകും. റിസർവ് ജീവനക്കാർ അടക്കം 1.80 ലക്ഷം ജീവനക്കാരെയാകും വിന്യസിക്കുക.
വരണാധികളായി 1249 ഉദ്യോഗസ്ഥരെയും സഹ വരണാധികാരികളായി 1350 ഉദ്യോഗസ്ഥരെയും നിയമിച്ചിരുന്നു.ഇവർ നിലവിൽ പത്രിക സ്വീകരിക്കുന്നതും തള്ളുന്നതും അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുവരികയാണ്. കൂടാതെ, ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരായ 14 ജനറൽ നിരീക്ഷകരെയും 70 എക്സ്പെൻഡിച്ചർ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.കോവിഡ് കാലത്ത് വോട്ടർമാരെ സാനിറ്റൈസ് ചെയ്യാനും മറ്റുമായി സപ്പോർട്ടിംഗ് സ്റ്റാഫിനെ നിയോഗിച്ചിരുന്നു. ഇതാണ് ജീവനക്കാരുടെ എണ്ണം അഞ്ചായി ഉയരാൻ കാരണം.
സുരക്ഷയ്ക്കായി 70,000 പോലീസുകാർ
തദ്ദേശ തെരഞ്ഞെടുപ്പിനു സുരക്ഷ ഉറപ്പാക്കാനായി 70,000 പോലീസുകാരെ നിയോഗിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. ഒരു ബൂത്തിൽ ചുരുങ്ങിയത് ഒരു പോലീസുകാരനുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസുകാരെയും കേന്ദ്രസേനയേയും വിന്യസിക്കും.
- കെ. ഇന്ദ്രജിത്ത്

