കോട്ടയം: വോട്ടുപിടിത്തത്തിനിടയില് സ്ഥാനാര്‍ഥിക്ക് പെരുന്തേനീച്ചപിടിത്തവും. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ പെരുനിലം വെസ്റ്റിലെ ഇടതു സ്ഥാനാര്‍ഥി ജോഷി മൂഴിയാങ്കലിനാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പെരുന്തേനീച്ചപിടിത്തവും. സ്ഥാനാര്ഥിയായതിനുശേഷം ഇതിനോടകം 20ലധികം സ്ഥലങ്ങളില്‍ പെരുന്തേനീച്ചകളെ തുരത്താന്‍ ജോഷി പോയിക്കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ വാഹനപര്യടനം ആരംഭിച്ച ഇന്നലെ പര്യടനത്തിനിടയിലാണു കൊഴുവനാലില്‍ പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താന്‍ ജോഷി പോയത്. സഹപ്രവര്‍ത്തകനും സ്ഥാനാര്‍ഥിയുമായ കൊഴുവനാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി. രാജേഷ് ഇന്നലെ രാവിലെ വിളിച്ചു പെരുന്തേനീച്ചക്കൂട്ടത്തിന്റെ വിവരം പറയുകയായിരുന്നു.
അട്ടപ്പാടിയിലെ അദിവാസികളില്നിന്നാണ് പെരുന്തേനീച്ചകളെയും കടന്നലുകളെയും തുരത്താനുള്ള രീതി ജോഷി മനസിലാക്കിയെടുത്തത്. ആരു വിളിച്ചാലും അവിടെയെത്തി ജോഷി ഈച്ചകളെ തുരത്തും. പെട്രോള്‍ കൂലി ഉള്‍പ്പെടെയുള്ള ചെറിയ ഫീസാണ് വാങ്ങുന്നത്.
വനംവകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ലൈസന്‍സുമുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുകയാണ്; പെരുന്തേനീച്ചകളെ തുരത്തുന്നതിനൊപ്പം വോട്ടര്‍മാരുടെ മനസും കീഴടക്കാന്‍.

