പറവൂർ: വടക്കേക്കര തുരുത്തിപ്പുറത്താണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ചെറായി സ്വദേശിനിയായ വയോധികയുടെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുക്കുന്നു.
പുറകെവന്ന ഓട്ടോറിക്ഷ ഡ്രൈവറും, വയോധികയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ മറ്റു ചിലരും മോഷ്ടാക്കളുടെ പുറകേ പോയെങ്കിലും പിടികൂടാനായില്ല.
സ്ഥലത്തെത്തിയ പോലീസിനോട് രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടതെന്ന് വയോധിക അറിയിച്ചു. എന്നാൽ കൂടെ ഉണ്ടായിരുന്ന മകൾ കേസെടുക്കേണ്ട എന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതുകേട്ട് പോലീസുകാരും നാട്ടുകാരും അന്പരന്നു. കാര്യം തിരക്കിയപ്പോഴാണ് താൻ അമ്മക്ക് സ്നേഹപൂർവം വാങ്ങി നൽകിയത് മുക്കുപണ്ടമാണെന്ന് മകൾ വെളിപ്പെടുത്തിയത്.
പോയത് മുക്കുപണ്ടമാണെങ്കിലും മോഷണം കാര്യമായെടുത്ത വടക്കേക്കര പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.