കോഴിക്കോട്: മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. ചീഫ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ റാപിഡ് റെസ്പോണ്‍സ് ടീമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. കടുവയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം സിദ്ധിച്ച കുങ്കിയാനകളെ വയനാട് മുത്തങ്ങയില്‍നിന്നു സ്ഥലത്തെത്തിച്ചിട്ടുണ്ട്.
കടുവയെ നിരീക്ഷിക്കാനായി ഇന്നലെ ഈ പ്രദേശത്ത് 50 കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ച് ഓപറേഷന് നടത്താനാണ് തീരുമാനം. മൂന്ന് സംഘമായി തിരിഞ്ഞാണ് കടുവയ്ക്കായി നിലവില്‍ തിരച്ചില്‍ നടത്തുന്നത്.
ഇന്നലെ രാവിലെയാണ് കാളികാവ് അടക്കാകുണ്ടിലെ റബര്‍ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ അടക്കാക്കുണ്ട് പാറശേരിമലയില് റാവുത്തന്‍ കാട്ടില്‍ വച്ച് കല്ലാമൂല സ്വദേശി കളപ്പറമ്പന്‍ അബ്ദുള്‍ ഗഫൂറി(44)നെ കടുവ കടിച്ചു കൊന്നത്. ടാപ്പിംഗിനിടെ ഉള്‍ക്കാട്ടിലേക്ക് കടുവ കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ ഏതാനും ഭാഗങ്ങള്‍ കടുവ ഭക്ഷിച്ചിരുന്നു.
വന്‍പ്രതിഷേധവുമായി നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാമെന്നും കടുവയെ പിടികൂടാനുള്ള സംവിധാനം ഏര്‍പ്പെടുത്താമെന്നും ഉറപ്പുനല്‍കിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ രാത്രിയോടെ അബ്ദുള്‍ ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാമസ്ജിദില്‍ കബറടക്കി. ു