കൊച്ചി: കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി. ചെന്നൈ രാജ അണ്ണാമലൈപുരത്തെ വീട്ടില്‍ ഭാര്യ സുല്‍ഫത്തിനും മക്കളായ സുറുമി, ദുല്‍ഖര്‍, മരുമക്കള്‍, പേരക്കുട്ടികള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് അദ്ദേഹം 74-ാം പിറന്നാള്‍ ആഘോഷിച്ചത്.
സന്തത സഹചാരിയായ ജോര്‍ജ്, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ജോഗിംഗിന് പുറപ്പെടും മുമ്പ് എടുത്ത ചിത്രം മമ്മൂട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും മാസമായി പൊതുമണ്ഡലത്തില്‍നിന്ന് മാറിൽക്കുകയായിരുന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇന്നലെ രാവിലെ മുതല്‍ നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകള് അറിയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിര്‍മാതാവ് വെളിപ്പെടുത്തിയത്.
എല്ലാവര്ക്കും നന്ദി…സ്നേഹം; സര്‍വശക്തനും: മമ്മൂട്ടി
തന്റെ ജന്മദിനത്തില് എല്ലാവര്ക്കും നന്ദി പറയുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന് മമ്മൂട്ടി. കടലിലെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇത് പോസ്റ്റ് ചെയ്തത്. എല്ലാവര്ക്കും സ്നേഹവും നന്ദിയും; സര്‍വശക്തനും- ഇതാണ് ഒറ്റവരിയായി മമ്മൂട്ടി കുറിച്ചത്.