കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത സംവിധായകന് സനല്‍കുമാര്‍ ശശിധരനുമായി എറണാകുളം എളമക്കര പോലീസ് കൊച്ചിയിലേക്ക് തിരിച്ചു. രാത്രിയോടെ ഇയാളുമായി പോലീസ് സംഘം കൊച്ചിയിലെത്തും. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
എളമക്കര പോലീസാണ് ഇയാളെ സഹാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്. നടിയുടെ പരാതിയില്‍ സനല്‍കുമാറിനെതിരെ കൊച്ചി സിറ്റി പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ മുംബൈ വിമാനത്താവളത്തിലെത്തിയ സനല്‍കുമാറിനെ എയര്‍പോര്‍ട്ട് പോലീസ് തടഞ്ഞുവച്ച ശേഷം കൊച്ചി സിറ്റി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇയാളെ സഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ജനുവരിയിലാണ് നടിയുടെ പരാതിയില്‍ എളമക്കര പോലീസ് കേസെടുത്തത്.
അതേസമയം, തന്നെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് സനല്‍കുമാര്‍ ഇന്നലെ രാവിലെ ഫേസ്ബുക്കില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നുമാണ് ഇയാളുടെ ആരോപണം.