കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ് ആരോപണ പരാതികളില്‍ മൂവാറ്റുപുഴ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടനെതിരേ വിജിലന്‍സ് അന്വേഷണത്തിന് നീക്കം.
മാത്യു കുഴല്‍നാടനെതിരേ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
2021 മാര്‍ച്ച് 18നു രാജകുമാരി സബ് റജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തില്‍ 3.5 കോടിയുടെ ഭൂമി സ്വന്തമായുണ്ടെന്നാണു കാണിച്ചിരിക്കുന്നത്.
3.5 കോടി എന്നതു പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ വില ഏഴു കോടിയോളം വരുമെന്നുമാണ് മോഹനന്റെ ആരോപണം.
അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്നാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നുമാണ് മോഹനന്റെ വാദം.
ഇതേക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നാണു സിപിഎം ആവശ്യം. അതേസമയം, ആരോപണങ്ങളില്‍ ഇന്നു മറുപടി നല്‍കുമെന്ന് മാത്യു കുഴല്നാടന് അറിയിച്ചിട്ടുണ്ട്.
മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴല്നാടന് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. കോണ്‍ഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴല്നാടന് വ്യക്തിപരമായി ആരോപണങ്ങളുയര്‍ത്തിയിരുന്നു.