തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ മുഖ്യപ്രതികളായ അമ്മയെയും മകളെയും സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും പിടികൂടാനായില്ല.
ആക്രമണം നടത്തിയ രണ്ടംഗ ക്വട്ടേഷൻ സംഘത്തെ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ, ഇവർക്ക് ക്വട്ടേഷൻ നൽകിയ ഇഞ്ചിയാനി സ്വദേശികളായ മിൽക്കയും മകൾ അനീറ്റയുമാണ് ഒളിവിൽ കഴിയുന്നത്. പല ഒളിസങ്കേതങ്ങളിലായാണ് ഇവർ കഴിയുന്നതെന്നാണു സൂചന.
ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരേയാണ് കഴിഞ്ഞ 26ന് ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാൽ തല്ലിയൊടിക്കാനാണ് ക്വട്ടേഷൻ നൽകിയത്.
സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ ചേരാനല്ലൂർ ചൂരപ്പറന്പിൽ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറന്പിൽ ശ്രീജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വീടിനു സമീപമുള്ള ഇടറോഡിൽകൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ ബൈക്കിലെത്തിയ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇടതു കാലിന് കല്ലിനിടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.
മിൽക്കയും ഓമനക്കുട്ടനുമായി വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നേരത്തേതന്നെ തർക്കമുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതോടെ അനീറ്റയുടെ ഫോണ് പോലീസ് പരിശോധിച്ചതോടെയാണ് സംഭവത്തിൽ ഇവർക്കുള്ള ബന്ധം വ്യക്തമായത്.
ഇതിനിടെ, ഏതാനും ദിവസം മുന്പ് അടിമാലിയിലുള്ള ബന്ധുവീട്ടിൽ ഇരുവരും ഉണ്ടെന്ന വിവരം പോലീസിനു ലഭിച്ചു. ഇതോടെ പോലീസ് സംഘം ഇവിടെയെത്തിയെങ്കിലും മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇവർ കടന്നുകളഞ്ഞു.
പോലീസ് അന്വേഷിക്കുന്പോൾതന്നെ അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ പണയം വയ്ക്കുകയും തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
ഒളിവിൽ കഴിയാൻ ഇവർക്ക് ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.