തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. പരിശോധനയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി എത്തിയ 11 ഏജന്റുമാരില്‍നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു.
നിലമ്പൂര്‍ സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിസരത്ത് നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപ കണ്ടെത്തി. വൈക്കം സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ചുവച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതില്‍ 21 ഉദ്യോഗസ്ഥര്‍ വിവിധ ഏജന്റുമാരില്‍നിന്ന് 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി.
ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചതില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരില്‍നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലിയായി പണം സ്വീകരിച്ചിരുന്നുവെന്നും കണ്ടെത്തി. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ക്കും ഏജന്റുമാര്‍ക്കും അനധികൃതമായി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നുവെന്നും ഇതിന് പ്രതിഫലമായാണ് ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കി വന്നിരുന്നതെന്നും പരിശോധനകളില്‍ കണ്ടെത്തി.
മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിവിധ ഓഫീസുകളില്‍ ജോലി നോക്കിവരുന്ന 112 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ വിജിലന്‍സ് ചെയ്യും. ഇതില്‍ 72 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും, ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ 40 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന്റെ തുടരന്വേഷണങ്ങള്ക്കുമാണ് ശിപാര്‍ശ ചെയ്തത്.
സംസ്ഥാനത്തെ മോട്ടോര്‍ വാഹന ഓഫീസുകളില്‍ പൊതുജനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സ് ഡയറക്ടര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന് കീഴിലെ 17 റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും 64 സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലുമായി വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
അഴിമതിയും ക്രമക്കേടുകളും നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് തുടര്‍ അന്വേഷണങ്ങള്‍ നടത്തി ശക്തമായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും മറ്റ് ക്രമക്കേടുകള്‍ നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ വകുപ്പുതല നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുഖേന സ്വീകരിപ്പിക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കാം.