മൂന്നാർ. കഴിഞ്ഞ 31 ന് മൂന്നാറിലെ കടലാർ എസ്റ്റേറ്റിൽ നിന്നു കാണാതായ കുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. എസ്റ്റേറ്റിലുള്ള തേയിലത്തോട്ടത്തിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കഴുത്തിൽ കുരുക്ക് കൊണ്ട് മുറുക്കിയതിന്റെ പാടുകളും ശരീരത്തിൽ മുറിവേറ്റതിന്റെ അടയാളങ്ങളുമുണ്ട്.
സംശയത്തിന്റെ പേരിൽ കുട്ടിയുടെ പിതാവിനെയും ഒരു സ്ത്രീയെയുമടക്കം പതിനാലുപേരെ കസ്റ്റഡിയിലെടുത്തുണ്ട്. എന്നാൽ ഇത് കൊലപാതകമാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് പറയുന്നത്.
ആസാം സ്വദേശികളായ നൂർമുഹമ്മദ് റസിതൻനിസ ദന്പതികളുടെ മൂത്തമകൻ നവറുദ്ദീൻ (6) ആണ് മരണമടഞ്ഞത്. എസ്റ്റേറ്റിലെ കാലികൾക്ക് പുല്ലുവെട്ടാൻ ചെന്ന തൊഴിലാളിയായിരുന്നു മൃതദേഹം ആദ്യം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്നാർ സി.ഐ സാം ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി വരികയാണ്. മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. ഷർട്ടും നിക്കറുമാണ് ധരിച്ചിരുന്നത്. ഷർട്ടിനുള്ളിൽ ബനിയനും ധരിച്ചിട്ടുണ്ടായിരുന്നു. കഴുത്തിൽ തൂവാല കൊണ്ട് മുറുകിയ നിലയിലായിരുന്നു.
സ്ഥിരമായി കഴുത്തിൽ തൂവാല കെട്ടുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിക്കാൻ പോലീസിന് കഴിയാത്തതും ഇതിനാലാണ്. കഴിഞ്ഞ 31 നാണ് കുട്ടിയെ എസ്റ്റേറ്റിൽ നിന്നു കാണാതായത്. പോലീസിൽ പരാതിയെ നൽകിയതിനെ തുടർന്ന് അന്വേഷിച്ചു വരികയായിരുന്നു. സംഭവദിവസം വൈകിട്ടാണ് കുട്ടിയെ വീട്ടിൽ നിന്നു കാണാതായത്. അന്നേ ദിവസം നവറുദ്ദീന്റെ സഹോദരന് അസുഖം ബാധിച്ചതിനെ തുടർന്ന് മാതാവ് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.
ഉച്ചയ്ക്കു ശേഷം നവറുദ്ദിനെ വീട്ടിലാക്കി നൂർമുഹമ്മദ് വിറകുശേഖരിക്കാൻ പോയിരുന്നു. തിരികെ വന്നശേഷം അന്വേഷിച്ചുപോയപ്പോളാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഡോഗ് സ്ക്വാഡിനെ കൊണ്ടുവന്ന് സ്ഥലത്ത് അന്വേഷണം നടത്തിയെങ്കിലും അതും ഫലവത്തായിരുന്നില്ല.