നെടുമങ്ങാട് : നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികൾ കൂടി അറസ്റ്റിൽ . കേസിലെ രണ്ടാം പ്രതി നെടുമങ്ങാട് പുളിഞ്ചി സ്വദേശി ജാഫർ(38),നാലാം പ്രതി വാളിക്കോട് പള്ളിവിളാകത്തു മുഹമ്മദ് ഫാറൂഖ്(44)അഞ്ചാം പ്രതി കാട്ടാക്കട കണ്ണൻ എന്ന മഹേഷ്(48)എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി അഴിക്കോട് ഗവ. യുപിസ്കൂളിന് സമീപം താമസിക്കുന്ന നിസാർ(44), മൂന്നാം പ്രതി നെടുമങ്ങാട് പേരുമല സ്വദേശി ഷമീർ(36)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഈ മാസം 11 ന് രാത്രി 7.45 നാണ് അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ(26)നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ വച്ചു കൊല്ലപ്പെട്ടത്.
പ്രതികളും ഹാഷിറും ടൗണിലെ ഒരു ബാറിൽ മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും അവിടെവച്ചു പരസ്പരം അടിപിടി നടത്തുകയും ചെയ്തിരുന്നു. തുടർന്ന് നെടുമങ്ങാട് മാർക്കറ്റിനുള്ളിൽ എത്തിയ ഇവർ ഹാഷിറി നെ ഇറച്ചി വെട്ടുന്ന കത്തികൊണ്ട് കുത്തിവീഴ്ത്തുകയായിരുന്നു.
ഹാഷിർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. സംഭവശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് രണ്ട് പ്രതികൾ പിടിയിലായത്.ഇന്നലെ പിടിയിലായ മൂന്നു പ്രതികളും സംഭവശേഷം ഒളിവിൽ പോയി. ഇവർക്കായി പോലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ വയനാട് വൈത്തിരി കാവുമന്തം എന്ന സ്ഥലത്തു മഹേഷിന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചത്.
തുടർന്ന് നെടുമങ്ങാട് എസ്എച്ച്ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടെയെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.