പാലക്കാട്: നിപ്പ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ (38) സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്കുകൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഇതോടെ ആകെ പനി ബാധിതർ നാലായി. നിപ്പ ബാധിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവിൽ 173 പേരാണ് നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ക്വാറന്റീനിൽ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.കണ്ടെയ്മെന്റ് സോണിലുള്ളവർ അനാവശ്യമായി കൂട്ടം കൂടരുത്. എൻ-95 മാസ്ക് നിർബന്ധമായും ധരിക്കണം. കണ്ടെയിൻമെന്റ് സോണിൽ നിന്നും പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം. ഐസൊലേഷൻ, ക്വാറന്റൈനിൽ കഴിയുന്നവർ നിർബന്ധമായും എൻ-95 മാസ്ക് ധരിക്കേണ്ടതാണ്. കൃത്യമായും ക്വാറന്റൈൻ മാനദണ്ഡങ്ങൾ പാലിക്കണം.
ശുചിമുറിയുള്ള റൂമിൽതന്നെ ക്വാറന്റൈനിൽ ഇരിക്കുക. ആരുമായും സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കണം.അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്ക് എപ്പോഴും ധരിക്കണം. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കേണ്ടതാണ്.
പനി, ചുമ, തലവേദന, ശ്വാസതടസം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ ഉടൻതന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തിരം അറിയിക്കുകയോ കൺട്രോൾ റൂം നമ്പറിലേക്ക് 0491 – 2504002 വിളിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിൽ വാർഡ്-7 (കുണ്ടൂർക്കുന്ന്) വാർഡ്- 8 (പാലോട് ) വാർഡ്- 9 (പാറമ്മൽ) വാർഡ്- 11 (ചാമപറമ്പ്) കരിമ്പുഴ പഞ്ചായത്തിൽ വാർഡ്- 17 (ആറ്റശേരി ) വാർഡ്- 18 ( ചോളക്കുറിശി) എന്നിവയാണ് നിലവിലെ കണ്ടെയ്ൻമെന്റ് സോണുകൾ.
നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കേന്ദ്ര സംഘം കേരളം സന്ദർശിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് ടീമാണ് കേരളത്തിൽ എത്തുക. നിലവിൽ കേരളത്തിലെ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.