സ്കൂൾ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങൾക്ക് പകരം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റണോ എന്ന ചർച്ചയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. അതിൽ പിന്തുണച്ചും വിമർശിച്ചുമൊക്കെ നിരവധി ആളുകൾ രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും പ്രതികരണവുമായി എത്തി.
ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണമെന്ന് ഒമർ ലുലു പറഞ്ഞു. കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ പഠനരീതിയാണ് കുട്ടികൾക്ക് ഏറ്റവും നല്ലതെന്നും അദ്ദേഹം നിർദേശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,
എന്റെ അഭിപ്രായത്തിൽ ചൂട് അതിന്റെ ഏറ്റവും ഉച്ചസ്ഥായിൽ നിൽക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളിൽ തന്നെ സ്കൂള്‍ അവധിക്കാലം തുടരണം.
കാലവർഷ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ജൂൺ,ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ (ചിങ്ങം-1 വരെ എങ്കിലും) വീട്ടിലിരുന്ന് പഠിക്കുന്ന കോവിഡ് കാലത്ത് നമ്മൾ ശീലിച്ച ഓൺലൈൻ പഠനരീതിയാണ് കുട്ടികൾക്ക് ഏറ്റവും നല്ലത്.
സ്കൂൾ തുറന്ന് ആദ്യ 2-3 മാസങ്ങളിലെ ഓൺലൈൻ പഠനം,അത് കഴിഞ്ഞ് റെഗുലർ ക്ലാസ് തുടങ്ങി ഉടൻ തന്നെ ഓണ പരീക്ഷ വരുന്നത് കൊണ്ട് കുട്ടികളുടെ മാർക്ക് നോക്കി നമ്മുക്ക് ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ വേഗം പരിഹരിക്കാനും പറ്റും.
അധ്യാപകരും കുട്ടികളും ഓൺലൈനിൽ 2-3 മാസം പരസ്പരം കണ്ട് സൗഹൃദം പുതുക്കി വീണ്ടും റെഗുലർ ക്ലാസ് തുടങ്ങുമ്പോൾ സ്കൂൾ തുറക്കുന്ന സമയത്തെ ഒരു ഫ്രഷ്നെസ് കിട്ടുകയും സ്കൂൾ തുറക്കുന്ന സമയത്തെ മടിയും ഉണ്ടാവില്ല.