കോട്ടയം: വെളിച്ചെണ്ണ താഴുന്നില്ലെങ്കില്‍ ഓണത്തിന് അധികം ഉപ്പേരി കൊറിക്കാനാവില്ല. ശര്‍ക്കരവരട്ടിയുടെ മധുരം അധികം നുണയാമെന്നും കരുതേണ്ട. വെളിച്ചെണ്ണയില്‍ വറുത്തത് എന്ന പേരില്‍ വില്‍ക്കുന്ന ഉപ്പേരിക്ക് കിലോ വില 460-480. ശര്‍ക്കരവരട്ടിക്ക് 480. വെളിച്ചെണ്ണ വില റിക്കാര്‍ഡ് കുറിച്ചതോടെ കഴിഞ്ഞ ഓണത്തിനേക്കാള്‍ ഉപ്പേരിക്കും ശര്‍ക്കരവരട്ടിക്കും 40 രൂപ കൂടി.
എണ്ണയ്ക്കും ഉപ്പേരിക്കും വില കൂടിയതിന്റെ നേട്ടം കച്ചവടക്കാര്‍ക്കു മാത്രം. അധ്വാനിച്ചും പണം മുടക്കിയും ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ട കര്‍ഷകര്‍ക്ക് ഇക്കൊല്ലം ഒരു നേട്ടവുമില്ല. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഏത്തക്കുല വില 70 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇക്കൊല്ലം പച്ച ഏത്തയ്ക്കാ വില 42 രൂപ.
വാഴക്കുലയ്ക്ക് വലിപ്പവും തൂക്കവും ഇക്കൊല്ലം കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. എണ്ണ വില കയറിയതോടെ ഉപ്പേരിയുടെ വില 500 കടക്കാതിരിക്കാന്‍ കച്ചവടക്കാരുടെ തന്ത്രമാണ് ഏത്തക്കായ വില ഇടിയാൻ കാരണം. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നു വലിയ തോതില്‍ വില കുറഞ്ഞ ഉപ്പേരിയെത്തിച്ച് വിറ്റു ലാഭമുണ്ടാക്കുന്ന കച്ചവടക്കാരുമുണ്ട്.
സൂര്യകാന്തി, പാം ഓയില്‍ എന്നിവയില്‍ ഉപ്പേരി തയാറാക്കിയശേഷം വെളിച്ചെണ്ണയില്‍ വറുത്തതാണെന്ന വ്യാജേന വിറ്റ് ലാഭമുണ്ടാക്കുന്നവരും കുറവല്ല. കല്യാണ സീസൺ വന്നതോടെ ഞാലിപ്പൂവന് വില കുത്തനെ കയറിയിട്ടുണ്ട്. 85 രൂപയാണ് ഞാലിപ്പൂവന് പഴത്തിന് നിരക്ക്. പച്ചക്കായയ്ക്ക് 80 രൂപ വിലയുണ്ട്. പാളയംകോടനും റോബസ്റ്റയ്ക്കും വില 35 രൂപ. ഓണം എത്തുമ്പോള്‍ ഞാലിപ്പൂവന് 100 രൂപയായി ഉയരാം.