കൊച്ചി: മുമ്പൊക്കെ അത്തം പിറന്നാല് പൂക്കൂടകളുമായി തൊടികള് തോറും പൂവേ പൊലി പൂവേ … പാടി നടക്കുന്ന കുട്ടിക്കൂട്ടം ഗ്രാമക്കാഴ്ചകളില് നിറഞ്ഞു നിന്നിരുന്നു. എന്നാല്, ഇന്നത്തെ യാന്ത്രിക ജീവിതത്തിരക്കിനിടയില് പൂ പറിക്കാന് തൊടികളുമില്ല, പൂ തേടിയിറങ്ങാന് കുട്ടിക്കൂട്ടങ്ങളുമില്ല.
അത്തം പിറന്നതോടെ മലയാളികളുടെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കാന് ഇത്തവണയും മറുനാടന് പൂക്കള് തന്നെയാണ് ആശ്രയം. ഓണം കളറാക്കാന് വിവിധയിനം പൂക്കളാണ് വിപണിയില് എത്തിയിരിക്കുന്നത്. മുന് വര്ഷത്തെ അപേക്ഷിച്ച് തുടക്കത്തില് പൂക്കളുടെ വില അത്രയ്ക്കങ്ങ് വര്ധിച്ചിട്ടില്ല.
ഓറഞ്ച് ജമന്തി കിലോയ്ക്ക് 200 രൂപ, മഞ്ഞ ജമന്തി 250 രൂപ, വെള്ള ജമന്തി 400 മുതല് 600 രൂപ, വാടാമല്ലി 420 രൂപ, അരളി (പിങ്ക്) 360 രൂപ, അരളി (ചുവപ്പ്) 600 രൂപ, റോസ് (വിവിധ നിറങ്ങള്) 300 മുതല് 800 രൂപ, ആസ്ട്രല് (പിങ്ക്) 420 രൂപ, ആസ്ട്രല് (ബ്ലൂ) 650 രൂപ, ഡാലിയ 360 രൂപ, എവര്ഗ്രീന് (ഒരു കെട്ട്) 50 രൂപ, താമരപ്പൂ (ഒരെണ്ണം) 30 രൂപ എന്നിങ്ങനെ പോകുന്നു കൊച്ചി നഗരത്തില് പൂക്കളുടെ വില.
നാളെ വിനായക ചതുര്ഥി ആഘോഷങ്ങള് നടക്കുന്നതിനാല് പൂക്കളുടെ വില ഉയരുമെന്നാണ് എറണാകുളം നോര്ത്ത് ഓര്ക്കിഡ് ഫല്വര് ബസാര് ഉടമ സുന്ദരന് പറയുന്നത്. നിലവില് വിദ്യാഭ്യാസ സ്ഥാപനങ്ങള്, ഓഫീസുകള് എന്നിവിടങ്ങളിലെ ഓണാഘോഷങ്ങള്ക്കായുള്ള പൂ വില്പനയാണ് നടക്കുന്നത്.
പൂക്കളെത്തുന്നത്…
ബംഗളൂരു, മൈസൂരൂ, ഗുണ്ടല്പ്പേട്ട്, ഹൊസൂര്, സേലം, ഊട്ടി, കോയമ്പത്തൂര്, കമ്പം, തേനി, ശീലയംപട്ടി, മധുര, ഡിണ്ടിഗല്, തോവാള, ചിക്കമംഗലൂര് എന്നിവിടങ്ങളില് നിന്നാണ് കേരളത്തിലെ ഓണവിപണിയിലേക്ക് പൂക്കള് എത്തുന്നത്. അത്തം മുതല് തിരുവോണം വരെ കോടികളുടെ പൂ വില്പനയാണ് ഈ സ്ഥലങ്ങളിലെല്ലാം നടക്കുന്നത്.
ഇന്സ്റ്റന്റ് പൂക്കളം
പൂവ് വാങ്ങി കലം വരച്ച് പൂക്കളം ഇടാന് സമയമില്ലാത്തവര്ക്കായി ഇന്സ്റ്റന്റ് പൂക്കളവും വിപണിയിലെത്തിയിട്ടുണ്ട്. പല വര്ണങ്ങളിലും ഡിസൈനുകളിലും ഇന്സ്റ്റന്റ് പൂക്കളങ്ങള് ലഭ്യമാണ്. അത്യാവശ്യം വലിപ്പമുളള പൂക്കളം വാങ്ങണമെങ്കില് ആയിരം രൂപയാകും.