പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ്് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഐആർസിറ്റിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചുകഴിഞ്ഞു.
ഈ മെച്ചപ്പെടുത്തലിന്റെ ഭാഗമായി ഐആർസിറ്റിസിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ അപ്ഡേഷനുകളും ആധുനിക വത്കരണവും ആരംഭിച്ചുകഴിഞ്ഞു.ബുക്കിംഗ് സംവിധാനം സുതാരവും കൂടുതൽ ലളിതവുമാക്കുക എന്നതാണ് ഇതുവഴി റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ സുരക്ഷാ സംവിധാനങ്ങൾക്കായിരിക്കും ഇനി മുന്തിയ പരിഗണന നൽകുകയെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി.
സംശയാസ്പദമായ ഉപഭോക്തൃ ഐഡികൾ പൂർണമായും നിർജീവമാക്കാനാണ് തീരുമാനം.വഞ്ചനാപരമായി ടിക്കറ്റുകൾ ബുക്ക് ചെയ്തതായി ബോധ്യപ്പെട്ടാൽ അത് ഉടൻ തന്നെ നാഷണൻ സെബർ ക്രൈം പോർട്ടലിൽ പരാതിയായി റിപ്പോർട്ട് ചെയ്യാനും ഐആർസിറ്റിസി തീരുമാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ സേവനത്തിലെ വീഴ്ചകളുടെ അതിവേഗ പരിഹാരത്തിനും ഇനി കോർപ്പറേഷൻ പ്രത്യേക പരിഗണന നൽകും.പരാജയപ്പെട്ട ഇടപാടുകൾ, വൈകിയ റീഫണ്ട്, ബുക്കിംഗിലെ പിശകുകൾ എന്നിവയാണ് പ്രധാനമായും ലഭിക്കുന്ന പരാതികൾ.ഇത്തരം പരാതികളിൽ അതിവേഗ പരിഹാരത്തിനായി ഇനി മുതൽ പ്രത്യേക മോണിറ്ററിംഗ് സെൽ തന്നെ പ്രവർത്തിപ്പിക്കും.
വന്ദേഭാരത്, രാജധാനി എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നോ മീൽസ് ഓപ്ഷൻ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില സമയങ്ങളിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പലപ്പോഴും യാത്രക്കാർക്ക് പ്രസ്തുത ഓപ്ഷൻ ലഭിക്കുന്നില്ല എന്നതാണ് വ്യാപകമായിരുന്ന മറ്റൊരു പരാതി. ഇത് പരിഹരിക്കുന്നതിനുള്ള സിസ്റ്റം അപ്ഡേഷൻ ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞിട്ടുമുണ്ട്.
- എസ്.ആർ. സുധീർ കുമാർ

