മരിച്ചുപോയ അമ്മയുടെ ശവസംസ്കാരം നടത്തുന്ന നേരം അമ്മയുടെ ചിതയിൽ കയറി കിടന്ന് മകന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലാണ് സംഭവം.
അമ്മയോടുള്ള സ്നേഹം മൂലം കിടന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. അവിടെയാണ് ട്വിസ്റ്റ്. അമ്മയുടെ ആഭരണങ്ങളെ ചൊല്ലി മക്കൾ തമ്മിൽ തർക്കമായപ്പോഴാണ് അതിലൊരാൾ ചിതയിൽ കയറി കിടന്നത്. ശവസംസ്കാര ചടങ്ങുകൾക്കിടയിൽ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനായ ഗിർധാരിയെ ഏൽപ്പിച്ചതോടെയാണ് മക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായത്.
ആഭരണങ്ങൾ മുഴുവൻ തനിക്ക് വേണമെന്ന് ഇളയ മകൻ ഓംപ്രകാശ് പറഞ്ഞതു മുതലാണ് തർക്കം തുടങ്ങിയത്. അവരുടെ ഗ്രാമത്തിലെ പാരമ്പര്യം അനുസരിച്ച് മരണപ്പെടിന് ശേഷം ചില ചടങ്ങുകൾ കഴിഞ്ഞാണ് മരിച്ച വ്യക്തിയുടെ ശരീരത്തിൽ നിന്നും ആഭരണങ്ങൾ ഊരിയെടുക്കുക. ഇങ്ങനെ ഊരിയെടുത്ത ആഭരണങ്ങൾ ഗിർധാരിക്ക് കൈമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ആഭരണങ്ങൾ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഓംപ്രകാശ് സഹോദരനോട് വഴക്കുണ്ടാക്കുകയും അമ്മയ്ക്കായി ഒരുക്കിയ ചിതയുടെ മുകളിൽ കയറി കിടക്കുകയുമായിരുന്നു.