ന്യൂഡൽഹി: ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദങ്ങളെയും പ്രസ്താവനകളെയും വിമർശിച്ച് ഇന്ത്യ. അയൽരാജ്യത്തിന്റെ “മതഭ്രാന്ത് നിറഞ്ഞ മനോഭാവം’, “വർഗീയതയുടെ റിക്കാർഡ്’ എന്നീ പരാമർശങ്ങളാണ് പാക്കിസ്ഥാന് എതിരേ ഇന്ത്യ നടത്തിയത്.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷിന്റേതാണ് ശക്തമായ വിമർശനം. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ മുൻ വിദേശകാര്യ സെക്രട്ടറിയുടെ അവകാശവാദങ്ങളാണ് വിമർശനത്തിന് ആധാരം.
കാഷ്മീർ പ്രദേശം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു പർവ്വതനേനി ഹരീഷ് പറഞ്ഞു. അന്താരാഷ്ട്ര ഇസ് ലാമോഫോബിയ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള യുഎൻ യോഗത്തിലായിരുന്നു ഇന്ത്യയുടെ വിമർശനം.
പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നുള്ള കുറ്റപ്പെടുത്തലിനെ പരാമർശിച്ച് “ആഗോള ഭീകരതയുടെ യഥാർഥ പ്രഭവകേന്ദ്രം’ എവിടെയാണെന്നു ലോകത്തിനു നന്നായി അറിയാമെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.